റഷ്യൻ, ബലാറുസിയൻ താരങ്ങൾക്കുള്ള വിലക്ക് നീക്കി വിംബിൾഡൺ
Friday, March 31, 2023 11:03 PM IST
ലണ്ടൻ: യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ, ബലാറുസിയൻ താരങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി വിംബിൾഡൺ. ഇതോടെ ദാനിയേൽ മെദ്വദേവ്, ആന്ദ്രെ റുബ്ലേവ്, ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യൻ അരിയാന സബലെൻക എന്നിവർക്ക് വിംബിൾഡണിൽ പോരാടാനാകുമെന്ന് ഉറപ്പായി.
ഇരു രാജ്യങ്ങളുടെ മത്സരാർഥികളെ കളിക്കളത്തിൽ എത്താൻ അനുവദിക്കുമെങ്കിലും റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ എതിർക്കുന്നത് തുടരുമെന്ന് തീരുമാനം പ്രഖ്യാപിക്കവേ ഓൾ ഇംഗ്ലണ്ട് ലോൺ ടെന്നീസ് ക്ലബ്(എഇഎൽടിസി) ചെയർമാൻ ഇയാൻ ഹെവിറ്റ് അറിയിച്ചു.
മാതൃരാജ്യങ്ങളുടെ പേര് ഉപയോഗിക്കാതെ നിഷ്പക്ഷ മത്സരാർഥികളായി ആകും റഷ്യൻ, ബലാറൂസിയൻ താരങ്ങൾ പോരാട്ടത്തിനിറങ്ങുക.
റഷ്യ, ബലാറുസ് എന്നീ രാജ്യങ്ങളുടെ തലവന്മാരെയും യുദ്ധനയങ്ങളെയും പിന്തുണയ്ക്കാതിരിക്കുക, ഈ രാജ്യങ്ങളിൽ നിന്നുള്ള ധനസഹായമോ സ്പോൺസർഷിപ്പോ സ്വീകരിക്കാതിരിക്കുക എന്നീ നിബന്ധനകളും താരങ്ങൾക്ക് മുമ്പിൽ എഇഎൽടിസി വച്ചിട്ടുണ്ട്.