"മരിക്കുന്നത് വരെ കോൺഗ്രസ് പ്രവർത്തകനായിരിക്കും'; വികാരാധീനനായി ആന്റണി
Saturday, April 8, 2023 8:42 AM IST
തിരുവനന്തപുരം: അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ വികാരാധീനനായി എ.കെ. ആന്റണി. അനിലിന്റെ തീരുമാനം വേദനയുണ്ടാക്കിയെന്ന് പറഞ്ഞ ആന്റണി, മരിക്കുന്നത് വരെ താൻ കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്ന് വ്യക്തമാക്കി.
അനിലിന്റേത് തികച്ചും തെറ്റായ തീരുമാനമായിപ്പോയെന്ന് പ്രസ്താവിച്ച ആന്റണി, തന്റെ കൂറ് എല്ലാ കാലത്തും ഗാന്ധി കുടുംബത്തോടായിരിക്കുമെന്ന് അറിയിച്ചു. തനിക്ക് വയസ് 82 ആയെന്നും എത്ര നാൾ ജീവിച്ചിരിക്കുമെന്ന് ഉറപ്പില്ലെന്നും പറഞ്ഞ ആന്റണി, അനിലുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചയ്ക്കും ചോദ്യത്തിനും തയാറല്ലെന്ന് പറഞ്ഞു.
ഇന്ത്യയുടെ ആണിക്കല്ല് ബഹുസ്വരത, മതേതരത്വം എന്നിവയാണ്; അധികാരമേറ്റ ശേഷം രാജ്യം പ്രാണവായു പോലെ കാത്തുസൂക്ഷിച്ച ഈ നയങ്ങളെ ദുർബലപ്പെടുത്താൻ നരേന്ദ്ര മോദി സർക്കാർ ശ്രമിച്ചു. നാനാത്വത്തിൽ ഏകത്വത്തിന് പകരം എല്ലാ രംഗത്തും ഏകത്വം അടിച്ചേൽപ്പിക്കുന്നു. രാജ്യത്തിന്റെ ഐക്യം ദുർബലമാകുന്നു, സാമുദായിക സഹകരണം ദുർബലമാകുന്നു.
ഈ നയങ്ങൾ സ്വീകരിക്കുന്ന ബിജെപി - ആർഎസ്എസ് എന്നിവർക്കെതിരെ അവസാന ശ്വാസം വരെ ശബ്ദമുയർത്തും. സ്വാതന്ത്ര്യസമരം മുതൽ ഒരു വിവേചനവുമില്ലാതെ എല്ലാവരെയും ഒരുപോലെ കണ്ടവരാണ് ഗാന്ധി കുടുംബം. ഇന്നും ഭരണഘടനയുടെ സംരക്ഷണത്തിനായി അവർ പോരാടുന്നു.
ഒരു ഘട്ടത്തിൽ ഇന്ദിരാ ഗാന്ധിയുമായി താൻ അകന്നെങ്കിലും പാർട്ടിയിൽ തിരിച്ചെത്തിയ ശേഷം അവരോടും കുടുംബത്തോടുമുള്ള ആദരവും ബഹുമാനവും കൂടിയെന്നും ആന്റണി പറഞ്ഞു. ദീർഘായുസ് താൽപര്യമില്ലെന്നും മരിക്കുന്നത് വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും അദ്ദഹം കൂട്ടിച്ചേർത്തു.