ഏകീകൃത സിവിൽ കോഡ്: നിർദേശങ്ങൾ ആവശ്യപ്പെട്ട് നിയമ കമ്മീഷൻ
Wednesday, June 14, 2023 9:10 PM IST
ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള ശ്രമം കേന്ദ്ര സർക്കാർ ഊർജിതമാക്കുന്നു. ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കാൻ പൊതുജനങ്ങളോടും മത, സാമൂഹിക സംഘടനകളോടും കേന്ദ്ര നിയമ കമ്മീഷൻ ആവശ്യപ്പെട്ടു.
നിർദേശങ്ങൾ നൽകാൻ താൽപര്യമുള്ളവർ കമ്മീഷന്റെ വെബ്സൈറ്റിലെ ലിങ്ക് വഴിയോ ഇ-മെയിൽ മുഖാന്തരമോ 30 ദിവസത്തിനുള്ളിൽ അവ സമർപ്പിക്കണമെന്നാണ് അറിയിപ്പ്.
മുൻ നിയമ കമ്മീഷനുകൾ നടത്തിയ അഭിപ്രായ ശേഖരണത്തിന്റെ തുടർച്ചയാണിതെന്ന് വ്യാഖ്യാനമുണ്ടെങ്കിലും രാമക്ഷേത്ര നിർമാണത്തിന്റെ ഒന്നാം ഘട്ടം ഡിസംബറിൽ പൂർത്തിയാകുന്ന വേളയിൽ, ഹിന്ദുത്വ രാഷ്ട്രീയം സജീവമായി നിർത്താനായി സിവിൽ കോഡ് ബിൽ സർക്കാർ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.
കാഷ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞ നീക്കത്തിനും അയോധ്യ മുന്നേറ്റത്തിലെ പ്രധാന നാഴികക്കല്ലിനും ശേഷം സിവിൽ കോഡ് ആയിരിക്കും ബിജെപി തൊടുക്കുക എന്ന കാര്യം നേരത്തെ തന്നെ വ്യക്തമായിരുന്നു.
സിവിൽ കോഡിന്റെ കാര്യത്തിൽ വ്യക്തമായ ധാരണയില്ലാത്ത കോൺഗ്രസ്, പ്രതിപക്ഷ ഐക്യം എന്ന ആശയം മുന്നോട്ട് വയ്ക്കുന്ന വേളയിലാണ് സർക്കാരിന്റെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. എൻഡിഎയിൽ അംഗമല്ലെങ്കിലും ഭൂരിപക്ഷ വോട്ടുകൾ ലക്ഷ്യമിടുന്ന പാർട്ടികൾ സിവിൽ കോഡ് വിഷയത്തിൽ ത്രിശങ്കുവിലാണ്.
ന്യൂനപക്ഷ വിഭാഗത്തിലെ പലരും സിവിൽ കോഡിനെ അനുകൂലിക്കുന്നുണ്ടെങ്കിലും ബിജെപി നീക്കം കൃത്യമായി മനസിലാക്കിയ ശേഷം പ്രതികരിക്കാമെന്ന നിലപാടാണ് സ്വീകരിച്ചുപോന്നത്.