ആടുകളെ "കൊന്ന' വന്ദേ ഭാരതിന്റെ ചില്ല് എറിഞ്ഞുടച്ച് കർഷകരുടെ പ്രതികാരം!
Tuesday, July 11, 2023 6:19 PM IST
ലക്നോ: വന്ദേ ഭാരത് എക്സ്പ്രസിന്റെ മുന്നിൽപ്പെട്ട് ചതഞ്ഞരഞ്ഞ തന്റെ ആടുകൾക്കായി പ്രതികാരം ചെയ്യാൻ ട്രെയിനിന്റെ ചില്ലുകൾ എറിഞ്ഞുടച്ച് കർഷകനും കുടുംബവും.
ഉത്തർ പ്രദേശിലെ അയോധ്യ സ്വദേശിയായ മുന്നു പാസ്വാൻ എന്ന കർഷകനാണ് ഈ വ്യത്യസ്ത പ്രതികാരം നടത്തിയത്.
ഗോരഖ്പുർ - ലക്നോ റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസ് ഇടിച്ച് ചത്ത തന്റെ ആറ് ആടുകൾക്ക് വേണ്ടിയാണ് പാസ്വാനും മക്കളും ചേർന്ന് ട്രെയിനിന്റെ നാല് ചില്ലുകൾ എറിഞ്ഞുടച്ചത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ജൂലൈ ഒമ്പതിനാണ് വന്ദേ ഭാരത് ട്രെയിൻ ഇടിച്ച് പാസ്വാന്റെ ആടുകൾ ചത്തത്. തുടർന്ന് ജൂലൈ 11-ന് അയോധ്യ കന്റോൺമെന്റ് മേഖലയ്ക്ക് സമീപത്തുള്ള സോഹാവൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് പാസ്വാനും രണ്ട് ആൺമക്കളും ചേർന്ന് ട്രെയിനിന് നേർക്ക് കല്ലെറിയുകയായിരുന്നു.
കല്ലേറിൽ സി1, സി3, സി5, ഇ1 കോച്ചുകളുടെ ജനാലചില്ലുകൾ തകർന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാസ്വാനും കുടുംബവും പിടിയിലായത്.