മംഗളൂരു: ഗോവ-കർണാടക അതിർത്തിയിലെ ദുദ്സാഗർ വെള്ളച്ചാട്ടത്തിന് സമീപം ട്രെക്കിംഗിനെത്തിയ സഞ്ചാരികൾക്ക് കിട്ടിയത് ഒന്നൊന്നര പണി. നിരോധനം ലംഘിച്ച് വെള്ളച്ചാട്ടത്തിന് സമീപമെത്തിയ ഇരുപതോളംപേരെ പോലീസ് ഏത്തമിടീക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഗോവയിലെ മണ്ടോവി നദിയിൽ സ്ഥിതിചെയ്യുന്ന നാല് നിരകളുള്ള വെള്ളച്ചാട്ടമാണ് ദുദ്സാഗർ വെള്ളച്ചാട്ടം. പച്ചപ്പിന്‍റെ മറവിലൂടെ ഒഴുകുന്ന വെള്ളച്ചാട്ടം മഡ്ഗാവ്-ബെലഗാവി റെയിൽ പാതയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ മൺസൂൺ കാലത്ത് റെയിൽപാളം മുറിച്ചുകടക്കുന്നത് നിയമപ്രകാരം നിരോധിച്ചിരിക്കുന്നതിനാലാണ് ട്രെക്കിംഗ് സംഘത്തെ പോലീസ് ശിക്ഷിച്ചത്.

കനത്തമഴയും അപകട സാധ്യതയും കണക്കിലെടുത്ത് ഗോവ പോലീസും വനംവകുപ്പും റെയിൽവേയും മൺസൂൺ കാലത്ത് ട്രെക്കിംഗ് നിരോധിച്ച് ഉത്തരവിറക്കിയിട്ടുള്ളത്. ട്രാക്കിലൂടെ നടക്കരുതെന്ന് ആവശ്യപ്പെട്ട് സൗത്ത് വെസ്റ്റേൺ റെയിൽവേയും ട്വീറ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇവിടെയെത്തിയ ട്രെക്കർമാർക്ക് പോലീസ് പണികൊടുത്തത്.