ഹർ ഘർ തിരംഗ; ദേശീയ പതാക ഉയർത്താൻ ആഹ്വാനവുമായി പ്രധാനമന്ത്രി
Friday, August 11, 2023 10:04 PM IST
ന്യൂഡൽഹി: രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് എല്ലാവരും വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഓഗസ്റ്റ് 13 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന "ഹർ ഘർ തിരംഗ' കാമ്പയിനിൽ ഏവരും പങ്കാളികളാകണമെന്ന് മോദി അഭ്യർഥിച്ചു. സ്വാതന്ത്ര്യത്തിന്റെയും ഏകതയുടെയും പ്രതീകമാണ് ദേശീയ പതാക. രാജ്യത്ത് ഏവർക്കും വൈകാരിക അടുപ്പമുള്ള ദേശീയ പതാക രാജ്യപുരോഗതിക്കായി അധ്വാനിക്കാൻ നമ്മെ പ്രേരിപ്പിക്കുമെന്നും കാമ്പയിൻ ആഹ്വാനത്തിനിടെ മോദി പറഞ്ഞു.
കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് ആരംഭിച്ച കാമ്പയിനാണ് "ഹർ ഘർ തിരംഗ'. പതാകകൾ സൂര്യാസ്തമനത്തിന് ശേഷവും പൊതുസ്ഥലങ്ങളിലെ കൊടിമരങ്ങളിൽ ഉയർത്തി നിർത്താമെന്നതടക്കമുള്ള മാറ്റങ്ങൾ ഫ്ലാഗ് കോഡിൽ വരുത്തിയാണ് കേന്ദ്ര സർക്കാർ കാമ്പയിന് തുടക്കമിട്ടത്.