ധനപ്രതിസന്ധി സര്‍ക്കാര്‍ വരുത്തിവച്ചത്, സ്വന്തം അപര്യാപ്തത മറയ്ക്കാന്‍ കേന്ദ്രത്തെ പഴിക്കുന്നു: വി.ഡി സതീശന്‍
ധനപ്രതിസന്ധി സര്‍ക്കാര്‍ വരുത്തിവച്ചത്, സ്വന്തം അപര്യാപ്തത മറയ്ക്കാന്‍ കേന്ദ്രത്തെ പഴിക്കുന്നു: വി.ഡി സതീശന്‍
Saturday, September 16, 2023 1:48 PM IST
വെബ് ഡെസ്ക്
കൊച്ചി: സംസ്ഥാനം നേരിടുന്ന ധനപ്രതിസന്ധിയുടെ 80 ശതമാനവും സര്‍ക്കാര്‍ വരുത്തിവെച്ചതാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. "2020ലും 2023ലും പ്രതിപക്ഷം വൈറ്റ് പേപ്പര്‍ ഇറക്കിയിരുന്നു. അതില്‍ പറഞ്ഞിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി തന്നെയാണ് ഇപ്പോള്‍ സിഎജി റിപ്പോര്‍ട്ടില്‍ വന്നിരിക്കുന്നത്.

നികുതി പിരിവില്‍ സര്‍ക്കാര്‍ ഗണ്യമായി പരാജയപ്പെട്ടിരിക്കുകയാണ്. വാറ്റ് കാലത്തെ കുടിശിക പിരിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. പെന്‍ഷന്‍ വിതരണം, കിഫ്ബി എന്നിവയ്ക്കായി ബജറ്റിന് പുറത്ത് നിന്നും കോടികള്‍ കടമെടുത്തു.

കേന്ദ്ര സര്‍ക്കാര്‍ ഡിവിസീവ് പൂളില്‍ നിന്നും ടാക്‌സ് കുറച്ചതും ഗൗരവമായ കാര്യമാണ്. സ്വന്തം അപര്യാപ്തത മറച്ചുവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ പഴിക്കുകയാണ്'. മുഖം മിനുക്കി കൂടുതല്‍ വികൃതമാകുമോ എന്ന് കാണാമെന്നും മന്ത്രിസഭാ പുനഃസംഘടനയെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.


"ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ക്കെതിരെ നടപടി വേണമെന്നത് കോണ്‍ഗ്രസിന്‍റെ ഒറ്റക്കെട്ടായ ആവശ്യമാണ്. വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നത് വ്യക്തം. സോളാര്‍ ഗൂഢാലോചനാ കേസില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് ഞങ്ങള്‍ ആരോപിക്കുമ്പോള്‍ എങ്ങനെ അദ്ദേഹത്തിന് തന്നെ അന്വേഷണത്തിനായി അപേക്ഷ നല്‍കാനാകും. മുഖ്യമന്ത്രി കേസ് അന്വേഷിക്കേണ്ട ആവശ്യമില്ല'.

നിപ വ്യാപനവുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പ്രോട്ടോകോളിന്‍റെ നടത്തിപ്പിലും ആശയക്കുഴപ്പമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "നടപടികളില്‍ രാഷ്ട്രീയം കലര്‍ത്തുന്നില്ല. സര്‍ക്കാരിന്‍റെ നടപടികളെ പിന്തുണയ്ക്കും'.

പക്ഷേ പ്രവര്‍ത്തനങ്ങള്‍ നന്നായി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ചലചിത്ര പുരസ്‌കാര വേദിയില്‍ നടന്‍ അലന്‍സിയര്‍ പറഞ്ഞത് തെറ്റായിപ്പോയെന്നും എന്നാല്‍ അദ്ദേഹം നല്ല നടനാണെന്നും സതീശന്‍ പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<