41 പേരുടെ നിപ പരിശോധനാഫലം നെഗറ്റീവ്, ചികിത്സയിലുള്ളവരുടെ നില തൃപ്തികരം: ആരോഗ്യമന്ത്രി
Sunday, September 17, 2023 11:02 AM IST
കോഴിക്കോട്: നിപ ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 41 പേരുടെ പരിശോധനാഫലം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 39 പേരുടെ പരിശോധനാഫലം കൂടി ഇനി കിട്ടാനുണ്ടെന്നും മന്ത്രി അറിയിച്ചു.
നിലവില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യനില തൃപ്തികരമാണ്. ഇതില്‍ ഗുരുതരാവസ്ഥിയിലായിരുന്ന ഒന്‍പത് വയസുകാരന്റെ നില മെച്ചപ്പെടുന്നത് പ്രതീക്ഷ നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ വിവരശേഖരണം തുടരുകയാണ്. ചിലരെ തിരിച്ചറിഞ്ഞെങ്കിലും ഇവരുമായി ബന്ധപ്പെട്ടപ്പോള്‍ ആ സമയം ഇവര്‍ അവിടെ ഉണ്ടായിരുന്നില്ല എന്നായിരുന്നു മറുപടി.
സമ്പര്‍ക്കപട്ടികയില്‍ ഇനിയും കണ്ടെത്താനുള്ളവരെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വഴി പോലീസിന്റെ സഹായത്തോടെ കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു.