ഗുഡ് ബൈ; ആദിത്യ എല്‍ 1 ഭൂമിയുടെ ഭ്രമണപഥം വിട്ടു
വെബ് ഡെസ്ക്
Tuesday, September 19, 2023 5:50 AM IST
ബംഗളൂരു: ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍ 1 ഭൂമിയുടെ ഭ്രമണപഥം വിട്ടുവെന്ന് ഐഎസ്ആര്‍ഒ. ട്രാന്‍സ് ലഗ്രാഞ്ചിയന്‍ പോയിന്‍റ് ഇന്‍സേര്‍ഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും അറിയിപ്പിലുണ്ട്. വരുന്ന 110 ദിവസം കൊണ്ട് പേടകം എല്‍ 1ല്‍ എത്തും. ഇത് അഞ്ചാം തവണയാണ് ഐഎസ്ആര്‍ഒ ഒരു പേടകത്തെ ഭ്രമണപഥത്തിന് പുറത്തെത്തിക്കുന്നത്.
പേടകം ലഗ്രാഞ്ച് 1 ല്‍ സ്ഥാനമുറപ്പിച്ചുകൊണ്ടായിരിക്കും സൂര്യ പര്യവേക്ഷണം നടത്തുക. സൂര്യനെ പഠിക്കാന്‍ ഏറ്റവും അനുയോജ്യമായ പോയിന്‍റാണ് ലഗ്രാഞ്ച് ഒന്ന്. ആദിത്യഎല്‍ 1 ഈ പോയിന്‍റിൽ എത്തിക്കഴിഞ്ഞാല്‍ ഒരു ഹാലോ ഭ്രമണപഥത്തില്‍ പ്രവേശിക്കുകയും ദൗത്യം തുടരുകയും ചെയ്യും.
ലഗ്രാഞ്ച് പോയിന്‍റ് 1 ലേക്കുള്ള യാത്ര തുടങ്ങുന്നതിനു മുന്‍പുതന്നെ ആദിത്യ എല്‍ 1 പര്യവേക്ഷണം ആരംഭിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. പേടകം ഭൂമിക്കു ചുറ്റുമുള്ള കണങ്ങളുടെ സ്വഭാവം വിശകലനം ചെയ്യാന്‍ ശാസ്ത്രജ്ഞരെ സഹായിക്കുന്ന ഡാറ്റ ശേഖരിക്കാന്‍ തുടങ്ങിയതായി ഐഎസ്ആര്‍ഒ എക്‌സില്‍ കുറിച്ചു.
ഭൂമിയില്‍നിന്നു 50,000 കിലോമീറ്റര്‍ അകലെയായുള്ള സൂക്ഷ്മ കണങ്ങളെക്കുറിച്ചും വൈദ്യുതചാര്‍ജുള്ള കണികകളെക്കുറിച്ചും ശാസ്ത്രീയ വിവരങ്ങളാണ് ആദിത്യ എല്‍ 1 ശേഖരിക്കുന്നത്.
പേടകം ശേഖരിക്കുന്ന വിവരങ്ങള്‍ സൗരവാതത്തിന്‍റെയും ബഹിരാകാശ കാലാവസ്ഥാ പ്രതിഭാസങ്ങളുടെയും ഉത്ഭവം, ത്വരണം, അനിസോട്രോപി എന്നിവയെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ നല്‍കുമെന്നാണ് ഐഎസ്ആര്‍ഒ കരുതുന്നത്.