"പിവി' പിണറായി വിജയന് തന്നെ; മാസപ്പടിയില്‍ സമഗ്ര അന്വേഷണം വേണമെന്ന് സതീശന്
Wednesday, September 20, 2023 3:14 PM IST
തിരുവനന്തപുരം: കരിമണല്‍ കമ്പനിയായ സിഎംആര്‍എലിന്റെ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട ഡയറിയിലെ "പിവി'പിണറായി വിജയന് തന്നെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഈ ചുരുക്കപ്പേര് പിണറായിയുടേത് തന്നെയെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും സതീശന് പ്രതികരിച്ചു.
ഡയറിയില്‍ യുഡിഎഫ് നേതാക്കളുടെ ചുരുക്കപ്പേരും ഉണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും രാഷ്ട്രീയ സംഭാവന പിരിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയതാണെന്ന് താന്‍ പറഞ്ഞിരുന്നു. അതിൽ എന്താണ് ഇത്ര തെറ്റെന്ന് സതീശൻ ചോദിച്ചു.
മുഖ്യമന്ത്രിയുടെ പരാമര്‍ശം കേട്ടാൽ അദ്ദേഹത്തിന് കരിമണല്‍ കമ്പനിയുമായി ഒരു ബന്ധവുമില്ലെന്ന് തോന്നിപ്പോകും. മകളുടെ പണമിടപാട് സംബന്ധിച്ച് മുഖ്യമന്ത്രി ഇപ്പോഴും വ്യക്തമായി മറുപടി പറയുന്നില്ല. മാസപ്പടി വിവാദത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും സതീശന് ആവശ്യപ്പെട്ടു.
സിഎംആര്‍എല്ലിന്റെ രാഷ്ട്രീയ സംഭവന പട്ടികയില്‍ ഉള്‍പ്പെട്ട നേതാക്കളില്‍ താനില്ലെന്ന് മുഖ്യമന്ത്രി ചൊവ്വാഴ്ച പ്രതികരിച്ചിരുന്നു. പട്ടികയില്‍ തന്റെ ചുരുക്കപേര് ഉണ്ടാകില്ല. പിവി എന്ന ചുരുക്കപ്പേരുള്ള എത്ര പേരുണ്ട് ഈ നാട്ടിലെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.