പാറശാല ഷാരോൺ വധക്കേസ്; ജാമ്യം ലഭിച്ച പ്രതി ഗ്രീഷ്മ ജയിലിൽ നിന്ന് പുറത്തിറങ്ങി
Tuesday, September 26, 2023 8:23 PM IST
ആലപ്പുഴ: പാറശാലയിൽ ഷാരോണ്‍ എന്ന യുവാവിനെ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗ്രീഷ്മ ജയിൽമോചിതയായി. കേസിൽ ജാമ്യം ലഭിച്ച ഗ്രീഷ്മ രാത്രി ഏഴോടെയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
തിങ്കളാഴ്ചയാണ് ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മാവേലിക്കര കോടതിയിൽ നിന്നുള്ള രേഖകൾ ജയിലിൽ ഹാജരാക്കി അഭിഭാഷകർ നടപടികൾ പൂർത്തികരിച്ചതോടെയാണ് ഗ്രീഷ്മ പുറത്തിറങ്ങിയത്.
കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ വിചാരണ നീളാനുള്ള സാധ്യതയുണ്ടെന്നും ഇതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് ഗ്രീഷ്മയുടെ അഭിഭാഷകർ വാദിച്ചത്. ഈ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
കേസിലെ മറ്റ് പ്രതികളായ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.
ആണ്‍സുഹൃത്തായ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി നൽകി ഗ്രീഷ്മ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകം. 2022 ഒക്ടോബര്‍ 31നാണ് ഗ്രീഷ്മ അറസ്റ്റിലായത്.