നിയമന കോഴ വിവാദം: ബാസിത് കസ്റ്റഡിയിൽ
വെബ് ഡെസ്ക്
Tuesday, October 10, 2023 7:40 PM IST
മലപ്പുറം: ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ ഓഫീസിനെതിരെ ഉയർന്ന നിയമന കോഴ വിവാദത്തിൽ പെട്ട ബാസിതിനെ തിരുവനന്തപുരം കന്‍റോൺമെന്‍റ് പോലീസ് കസ്റ്റഡിയിലെടുത്തു.
ബാസിത് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ചതാണെന്ന് പരാതിക്കാരനായ ഹരിദാസൻ മൊഴി നൽകിയതിന് പിന്നാലെ മഞ്ചേരിയിൽ നിന്നും ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബന്ധുവിന്‍റെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മന്ത്രിയുടെ പഴ്സണൽ അസിസ്റ്റന്‍റിന്‍റെ പേര് പറഞ്ഞാൽ അന്വേഷണം ഉണ്ടാകില്ലെന്ന് ബാസിത് തന്നെ ധരിപ്പിച്ചതായും ഹരിദാസൻ മൊഴി നൽകിയിരുന്നു.
ബുധനാഴ്ച ഹരിദാസനുമായി ഒരുമിച്ചിരുത്തി ബാസിതിനെ ചോദ്യം ചെയ്യും. മന്ത്രിയുടെ ഓഫീസിനെതിരെ മൊഴി നൽകിയത് ബാസിത് ഭീഷണിപ്പെടുത്തിയത് മൂലമാണെന്നും മരുമകൾക്കായി അപേക്ഷ നൽകിയപ്പോൾ തന്നെ ഒരു ലക്ഷം രൂപ ബാസിത്തിന് നൽകിയെന്നും ഹരിദാസൻ പറഞ്ഞു.
തനിക്ക് എതിരെയുള്ള ഭൂമി കേസിൽ സഹായിക്കാമെന്ന് ബാസിത് വാഗ്ദാനം നൽകിയെന്നും ഹരിദാസൻ മൊഴി നൽകിയിരുന്നു. നിയമന കോഴ തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രകൻ ബാസിതാണെന്ന് പോലീസ് പറയുന്നുണ്ടെന്നും റിപ്പോർട്ട് വന്നിട്ടുണ്ട്.
നിയമനക്കോഴ തട്ടിപ്പിനെക്കുറിച്ച് വിശദമായി പറയാനുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ചൊവാഴ്ച വ്യക്തമാക്കിയിരുന്നു. പറയാനുള്ളത് വൈകാതെ പറയുമെന്നും മന്ത്രി പ്രതികരിച്ചു.
കേസിൽ ഇപ്പോൾ അന്വേഷണം നടക്കുകയാണ്. നിയമനം വാഗ്ദാനം ചെയ്ത് കൈക്കൂലി വാങ്ങിയത് തന്റെ ബന്ധുവാണെന്ന് ആരോപിച്ചവർ ഇപ്പോൾ സംസാരിക്കട്ടെ. അന്വേഷണം പൂർത്തിയായശേഷം തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി പറയും.
സർക്കാരിനെതിരേ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കുള്ള ഉദാഹരണമാണിത്. പിണറായി സർക്കാരിന്റെ പ്രവർത്തനരീതി അഴിമതിരഹിതവും സംശുദ്ധവുമാണ്. സത്യത്തിന്റെ പാതയിലാണ് സർക്കാർ നീങ്ങുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.