എം.എം. മണി ഈ നാടിനു ബാധ്യതയെന്ന് ഡീൻ കുര്യാക്കോസ്
Saturday, October 21, 2023 8:45 PM IST
തൊടുപുഴ: എം.എം. മണി ഈ നാടിനു ബാധ്യതയാണെന്നും മണിയുടെ തിട്ടൂരം അംഗീകരിക്കുമെന്നാണ് അദ്ദേഹം കരുതുന്നതെന്നും ഡീൻ കുര്യാക്കോസ് എംപി. മണിയുടെ ചെലവിലല്ല ഞങ്ങൾ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ നമ്മളെയാരെയും അറിയിക്കാറില്ല. കിൻഫ്ര പാർക്കിന്റെ ഉദ്ഘാടനം ആദ്യം പത്രത്തിലൂടെയാണ് അറിഞ്ഞത്. ക്രിൻഫ്ര എംഡി പിന്നീടാണ് വിളിക്കുന്നത്. ഈ ദിവസങ്ങളിൽ വിദേശത്ത് മുൻകൂട്ടി നിശ്ചയിച്ച മറ്റൊരു പരിപാടിയുണ്ടായിരുന്നു.
സ്ഥലം എംഎൽഎ പി.ജെ. ജോസഫ് പത്രത്തിലൂടെയാണ് ഈ പരിപാടിയുടെ വിവരം അറിയുന്നത്. രണ്ടാം യുപിഎ സർക്കാരാണ് സ്പൈസസ് പാർക്ക് അനുവദിച്ചതെന്നും കുര്യാക്കോസ് പറഞ്ഞു.
സ്പൈസസ് പാർക്കിന്റെ ഉദ്ഘാടനത്തിൽ ഡീൻ കുര്യാക്കോസും പി.ജെ. ജോസഫും പങ്കെടുക്കാത്തതിനെതിരെ മണി രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതിനെതിരെയാണ് ഡീൻ കുര്യാക്കോസിന്റെ മറുപടി.