രാവണനായി ബിജെപി സ്ഥാനാര്‍ഥി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശ്രീരാമനും! വീഡിയോയിൽ വിവാദം
വെബ് ഡെസ്ക്
Friday, October 27, 2023 9:08 PM IST
ഭോപ്പാല്‍: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കവേ സ്ഥാനാര്‍ഥികളുടെ മോര്‍ഫ് ചെയ്ത വീഡിയോ പുറത്ത് വന്ന സംഭവത്തില്‍ മധ്യപ്രദേശില്‍ വിവാദം ശക്തം. ഇന്‍ഡോര്‍ 1 മണ്ഡലത്തിലാണ് സംഭവം.
ബിജെപി സ്ഥാനാര്‍ഥി കൈലാഷ് വിജയവര്‍ഗിയയെ രാവണനായും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സഞ്ജയ് ശുക്ലയെ ശ്രീരാമനായും ചിത്രീകരിച്ചുള്ള വീഡിയോയാണ് ദസറ ദിനത്തില്‍ പുറത്ത് വന്നത്.
സമൂഹ മാധ്യമത്തില്‍ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വെള്ളിയാഴ്ച ബിജെപി പരാതി നല്‍കുകയും ഇന്‍ഡോര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സഞ്ജയ് ശുക്ല ഇന്‍ഡോര്‍ 1 മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എ കൂടിയാണ്.
ഒരു ഹിന്ദി സീരിയലിലുള്ള രാമരാവണ യുദ്ധത്തിലെ ഭാഗം കട്ട് ചെയ്താണ് സ്ഥാനാര്‍ഥികളെ വച്ചുള്ള വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. വീഡിയോ പുറത്ത് വന്ന് നിമിഷങ്ങള്‍ക്കകം ഇത് വാട്സാപ്പ് ഗ്രൂപ്പുകളിലടക്കം വൈറലായി.
വിവാദം ശക്തമായതോടെ ബിജെപി ഐടി സെല്ലാണ് പരാതി നല്‍കിയത്. ഏത് നമ്പറില്‍ നിന്നുള്ള വാട്സാപ്പ് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പ്രചരിപ്പിച്ചത് എന്നത് സംബന്ധിച്ച് പോലീസിന് സൂചന ലഭിച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.