മലക്കപ്പാറ ആദിവാസി ഊരില്‍ വയോധിക പുഴുവരിച്ച നിലയില്‍
Monday, November 27, 2023 10:49 AM IST
തൃശൂര്‍: അതിരപ്പിള്ളി മലക്കപ്പാറ ആദിവാസി ഊരില്‍ വയോധിക പുഴുവരിച്ച നിലയില്‍. വീരന്‍കുടി ഊരിലെ കമലമ്മ പാട്ടിയാണ് രോഗാസ്ഥയെ തുടര്‍ന്ന് അവശനിലയിലായത്.
ദീര്‍ഘകാലം കിടപ്പിലായതിനെ തുടര്‍ന്നാണ് ഇവരുടെ ശരീരത്തില്‍ വ്രണങ്ങളുണ്ടായതെന്നാണ് വിവരം. ഊരിലെത്തി ചികിത്സ നല്കാന് ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റിനോടും ആരോഗ്യവകുപ്പിനോടും ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പരാതി.
പ്രധാനപാതയില്‍നിന്ന് നാല് കിലോമീറ്ററോളം അകത്തുള്ള ഉള്‍വനത്തിലാണ് വീരാന്‍കുടി ഊര്. ഇവിടെ കാല്‍നടയായി മാത്രമാണ് എത്താനാകുക. കാട്ടുമൃഗങ്ങളുടെ ശല്യമുള്ള പ്രദേശമാണിത്.
മൊബൈല്‍ ടവറിന് റേഞ്ച് പോലുമില്ലാത്ത പ്രദേശമായതിനാല്‍ ഏറെ കഷ്ടപ്പെട്ടാണ് അധികൃതരെ വിവരമറിയിച്ചത്. എന്നിട്ടും നടപടിയുണ്ടായില്ലെന്നാണ് ഊര് വാസികളുടെ ആരോപണം.