മിഗ്ജൗമ് ആന്ധ്രാ തീരം തൊട്ടു; കടലോര ജില്ലകള്‍ അതീവ ജാഗ്രതയില്‍
Tuesday, December 5, 2023 1:47 PM IST
അമരാവതി: മിഗ്ജൗമ് ചുഴലിക്കാറ്റ് ആന്ധ്രാ തീരം തൊട്ടു. 110 കീമീ വേഗതത്തിലാണ് കാറ്റ് ആന്ധ്രാതീരത്ത് പ്രവേശിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് മൂന്ന് മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ആന്ധ്രാ തീരത്ത് പ്രവേശിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരുപ്പതിയും നെല്ലൂരും അടക്കമുള്ള സംസ്ഥാനത്തെ എട്ട് കടലോര ജില്ലകള്‍ അതീവ ജാഗ്രതയിലാണ്. ഈ ജില്ലകളില്‍ നേരത്തേ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. തിരമാലകള്‍ എട്ട് മീറ്റര്‍ വരെ ഉയരത്തില്‍ വിശുമെന്നാണ് മുന്നറിയിപ്പ്.
ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ മുതല്‍ ആരംഭിച്ച മഴയില്‍ നെല്ലൂര്‍, മെച്ചിലിപട്ടണം നഗരങ്ങള്‍ വെള്ളത്തിനടിയിലാണ്. ചിന്നഗജാമില് 20 മണിക്കൂറിലേറെയായി വൈദ്യുതി ബന്ധം തടസപ്പെട്ടു.
ജലം നിറഞ്ഞതിനാല്‍ ഗോബര്‍ബാം, പാപനാശം, അടക്കമുള്ള ഡാമുകള്‍ തുറന്നുവിട്ടിട്ടുണ്ട്. വിജയവാഡ, തിരുപ്പതി വിമാനത്താളങ്ങളില്നിന്നുള്ള സര്‍വീസുകള്‍ വൈകും. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.