വാഹനാപകടം മറ്റൊരാൾക്കുമേൽ കെട്ടിവച്ച് രക്ഷപെടാൻ ശ്രമം; ബിആർഎസ് മുൻ എംഎൽഎയുടെ മകൻ കുരുക്കിൽ
Wednesday, December 27, 2023 6:13 PM IST
ഹൈദരാബാദ്: കാർ അപകടം മറ്റൊരാൾക്കുമേൽ കെട്ടിവച്ച് രക്ഷപെടാൻ ശ്രമിച്ച ബിആർഎസ് മുൻ എംഎൽഎയുടെ മകൻ വിവാദത്തിൽ. മുൻ ബോധാൻ എംഎൽഎ മൊഹമ്മദ് സാക്കീൽ അമീറിന്റെ മകൻ റഹീൽ അമീറാണ് മറ്റൊരാളെ കരുവാക്കി കേസിൽനിന്ന് രക്ഷപെടാൻ ശ്രമിച്ചത്.
സംഭവത്തിൽ പ്രതിയെ സഹായിക്കാൻ ശ്രമിച്ച പാഞ്ചഗുട്ടു എസ്എച്ച്ഒ ബി. ദുർഗ്ഗ റാവുവിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയുടെ ക്യാന്പ് ഓഫീസിനു മുന്നിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളിലേയ്ക്ക് റഹീൽ കാർ ഇടിച്ചുകയറ്റുകയായിരുന്നു.
പിന്നീട്, നിയമ നടപടികളിൽനിന്ന് ഒഴിവാകാൻ ബിആർഎസ് നേതാവിന്റെ മകൻ മഹാരാഷ്ട്ര സ്വദേശിയായ അബാദുൾ ആസിഫ് (27) എന്നയാളെക്കൊണ്ട് കുറ്റം ഏൽപ്പിക്കുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് റഹീൽ അമീറാണ് യഥാർഥ പ്രതിയെന്ന് കണ്ടെത്തിയത്. ഇയാൾക്കായി പോലീസ് തെരച്ചിൽ നടത്തുകയാണ്.