റബർ കർഷകരുടെ പ്രതിസന്ധിയിൽ അടിയന്തര പ്രമേയം; കേന്ദ്രത്തെ പഴിച്ച് കൃഷിമന്ത്രി
Wednesday, January 31, 2024 10:54 AM IST
തിരുവനന്തപുരം: റബർ കർഷകരുടെ പ്രതിസന്ധിയിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്കി പ്രതിപക്ഷം. സംസ്ഥാനത്തെ റബർ കർഷകർ വലിയ പ്രതിസന്ധിയിലാണെന്നും താങ്ങുവില ഉയർത്താത്തതിലെ ആശങ്ക ചർച്ചചെയ്യണമെന്നും പ്രമേയം അവതരിപ്പിച്ച കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ് നോട്ടീസിൽ ഉന്നയിച്ചു.
റബറിന് താങ്ങുവിലയില്ല, വലിയ രീതിയിലുള്ള വിലതകർച്ച നേരിടുന്നു. പതിനായിരക്കണക്കിന് കർഷകരെ ഇത് പ്രതിസന്ധിയിലാക്കുന്നുവെന്നും കേരളത്തിന്റെ നട്ടെല്ല് തന്നെ തകർക്കുന്നു എന്ന രീതിയിലാണ് മോൻസ് വിഷയം ചൂണ്ടിക്കാട്ടിയത്.
അതേസമയം, കേന്ദ്രസർക്കാരിന്റെ ചില നയങ്ങളും കരാറുകളുമാണ് പ്രതിസന്ധിക്കു കാരണമെന്ന് നോട്ടീസിനു മറുപടിയായി കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ആസിയൻ കരാർ ഉൾപ്പെടെ കേന്ദ്രസർക്കാരുകൾ റബർ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കരാറുകളാണ് വിലത്തകർച്ചയ്ക്കു പ്രധാന കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റബറിനു താങ്ങുവില 300 ആക്കണമെന്നാണ് അടിയന്തരപ്രമേയ നോട്ടീസിലെ ആവശ്യം. എന്നാൽ 250 എങ്കിലും ആക്കാൻ കേന്ദ്രത്തിന്റെ സഹായം തേടിയെങ്കിലും അനുവദിച്ചില്ലെന്ന വിമർശനവും മന്ത്രി ഉന്നയിച്ചു. അതേസമയം, കേന്ദ്രസഹായം കാക്കാതെ സംസ്ഥാനം ഇടപെടണമെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടു.