യുവ കർഷകൻ കൊല്ലപ്പെട്ടു; ഡൽഹി ചലോ മാർച്ച് രണ്ട് ദിവസത്തേക്ക് നിർത്തിവയ്ക്കുന്നതായി കർഷകർ
Wednesday, February 21, 2024 8:45 PM IST
ന്യൂഡൽഹി: താങ്ങുവില ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷകസംഘടനകൾ പുനഃരാരംഭിച്ച ഡൽഹി ചലോ മാർച്ച് രണ്ട് ദിവസത്തേക്ക് നിർത്തിവച്ചതായി കർഷകർ അറിയിച്ചു. യുവ കർഷകൻ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് മാർച്ച് നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.
എന്നാൽ മരണം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. നാളെ ശംഭു അതിർത്തിയിലുള്ള നേതാക്കൾ ഉൾപ്പെടെ ഖനൗരി അതിർത്തി സന്ദർശിക്കും. ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും കർഷകർ വ്യക്തമാക്കി.
ഇന്ന് കർഷകരുടെ മാർച്ചിനുനേരെ പോലീസ് നടപടിയുണ്ടായിരുന്നു. തുടർന്ന് രൂപപ്പെട്ട സംഘർഷത്തിലാണ് യുവ കർഷകൻ കൊല്ലപ്പെട്ടത്.
ശംഭുവിലും ഖനൗരിയിലും പ്രതിഷേധക്കാർക്കു നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചിരുന്നു. ഇതിനു പിന്നാലെ പോലീസും കർഷകരും തമ്മിൽ സംഘർഷമുണ്ടാകുകയായിരുന്നു. നിരവധിപ്പേർക്ക് സംഘർഷത്തിൽ പരിക്കേൽക്കുകയും ചെയ്തു.