ബിഹാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒൻപത് മരണം
Monday, February 26, 2024 4:56 AM IST
കൈമുർ: ബിഹാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒൻപതുപേർ മരിച്ചു. ബീഹാറിലെ കൈമുർ ജില്ലയിലെ ദേവ്കാളി ഗ്രാമത്തിൽ ജി.ടി റോഡിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം.
ട്രക്കും ജീപ്പും മോട്ടാർ സൈക്കിളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എട്ടുപേരുമായി പോയ ജീപ്പ് മോട്ടോർ സൈക്കിളിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണംവിട്ട വാഹനങ്ങൾ എതിർദിശയിൽവന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
ബൈക്ക് യാത്രികൻ സംഭവസ്ഥലത്തു തന്നെ മരിച്ചു. അപകടത്തെ തുടർന്ന് ട്രക്ക് ഡ്രൈവർ ഒളിവിലാണ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.