വിസിയെ സസ്പെന്‍ഡ് ചെയ്ത നടപടിയോട് യോജിക്കാനാകില്ല: മന്ത്രി ചിഞ്ചുറാണി
Saturday, March 2, 2024 3:01 PM IST
തിരുവനന്തപുരം: വെറ്ററിനറി സര്‍വകലാശാലയിലെ വിസി എം.ആര്.ശശീന്ദ്രനാഥനെ സസ്പെന്‍ഡ് ചെയ്ത നടപടിയോട് യോജിക്കാനാകില്ലെന്ന് മന്ത്രി ചിഞ്ചുറാണി. സിദ്ധാര്‍ഥന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ സര്‍വകലാശാല നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് വിസിയെ സസ്പെന്‍ഡ് ചെയ്തതെന്നും മന്ത്രി പ്രതികരിച്ചു.
ആന്റി റാഗിംഗ് സെല്ലിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് 19 വിദ്യാർഥികൾക്കെതിരേ സര്‍വലകാശാല നടപടിയെടുത്തത്. ഇവർക്ക് മൂന്ന് വര്‍ഷത്തെ പഠന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർഥി സിദ്ധാര്‍ഥന്റെ മരണത്തെ തുടർന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിസിയെ സസ്പെൻഡ് ചെയ്തത്. സിദ്ധാര്‍ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചിരുന്നു.
കാമ്പസില്‍വച്ച് വിദ്യാര്‍ഥി മൂന്ന് ദിവസം ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടും സര്‍വകലാശാല അധികൃതര്‍ ഇതറിഞ്ഞില്ലെന്ന് പറയുന്നത് ഗുരുതരമായ വീഴ്ചയാണ്. ഇതൊരു കൊലപാതകം തന്നെയാണെന്നും സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് സര്‍വകലാശാലയ്ക്ക് ഒഴിഞ്ഞ് മാറാന്‍ കഴിയില്ലെന്നും ഗവർണർ പ്രതികരിച്ചിരുന്നു.