രാഷ്ട്രപതി അംഗീകരിച്ചു; ഉത്തരാഖണ്ഡില്‍ ഏകസിവില്‍ കോഡ് നിയമമായി
Wednesday, March 13, 2024 5:06 PM IST
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകരിച്ചതോടെ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏകസിവില്‍ കോഡ് നിയമമായി. ഇതോടെ രാജ്യത്തുതന്നെ ആദ്യമായി ഏകസിവില്‍ കോഡ് നിലവില്‍വരുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് ഉത്തരാഖണ്ഡ്.
പുതിയ നിയമം സംബന്ധിച്ച വിജ്ഞാപനം സർക്കാർ ഉടൻ പുറത്തിറക്കും. ഏകസിവില്‍ കോഡ് സംബന്ധിച്ച് ബില്ല് ഫെബ്രുവരി ആറിന് ഉത്തരാഖണ്ഡ് നിയമസഭയില്‍ പാസാക്കിയിരുന്നു. പിന്നാലെ ബില്ലില്‍ ഗവർണർ ഒപ്പുവച്ചിരുന്നു.
വിവാഹം, വിവാഹമോചനം, പാരമ്പര്യ സ്വത്തുക്കളുടെയും ഭൂമിയുടെയും കൈമാറ്റം എന്നിവയ്ക്ക് ഉത്തരാഖണ്ഡിലെ എല്ലാ മതങ്ങളിലുംപെട്ടവർക്ക് ഒരുനിയമം ബാധകമാക്കുന്നതാണ് ബില്‍. ഭരണഘടന ഉറപ്പാക്കുന്ന ആദിവാസികളുടെ എല്ലാ ആചാരാവകാശങ്ങളും ബില്ലില്‍ നിലനിര്‍ത്തിയിട്ടുണ്ട്.
പോര്‍ച്ചുഗീസുകാരുടെ കാലംമുതല്‍ ഗോവയില്‍ ഏകസിവില്‍കോഡ് നിലവിലുണ്ട്. ബില്ല് രാഷ്ട്രപതി അംഗീകരിച്ചതില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി സന്തോഷം പങ്കുവച്ചു.