സിപിഎം അക്കൗണ്ട് മരവിപ്പിച്ച സംഭവം; പാർട്ടിയെ വേട്ടയാടുകയാണ് ലക്ഷ്യം: സീതാറാം യെച്ചൂരി
Saturday, April 6, 2024 6:41 PM IST
ന്യൂഡൽഹി: സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നിൽ രാഷ്ട്രീയലക്ഷ്യമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആദായനികുതി വകുപ്പ് അക്കൗണ്ട് മരവിപ്പിച്ചത് ഒരു കാരണവും ബോധിപ്പിക്കാതെയാണെന്നും യെച്ചൂരി പറഞ്ഞു.
ദുരൂഹമായ നടപടിയാണിത്. എല്ലാ അക്കൗണ്ടുകളും തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്താണ് ക്രമക്കേടെന്ന് തെളിവ് നൽകട്ടെ. തെരഞ്ഞെടുപ്പിൽ പാർട്ടിയെ വേട്ടയാടുകയാണ് ലക്ഷ്യം. ജനങ്ങൾ ബിജെപിക്ക് മറുപടി നൽകുമെന്നും യെച്ചൂരി വ്യക്തമാക്കി.
ആദായനികുതി വകുപ്പിന്റെ അല്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷന്റെയോ ധനമന്ത്രാലയത്തിന്റെയോ ഭാഗത്ത് നിന്ന് ബന്ധപ്പെട്ടിട്ടില്ല. സുപ്രീംകോടതി ഇത്തരം നീക്കങ്ങളിൽ സ്വമേധയാ ഇടപെടണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.