ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് സിപിഎം
Saturday, April 6, 2024 8:17 PM IST
തിരുവനന്തപുരം: തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. കണക്കുകള്‍ കൃത്യമായി ആദായ നികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും ഓരോ വര്‍ഷവും സമര്പ്പിക്കാറുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ പറയുന്നു.
തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ കണക്കുകളെല്ലാം ഇത്തരത്തില്‍ നൽകിയതാണ്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ പക തീര്‍ക്കുകയെന്ന ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമാണ് ഈ നടപടിയെന്നും സിപിഎം വിമർശിച്ചു.
മുന്‍കൂട്ടി യാതൊരു നോട്ടീസും നല്‍കാതെയും വിശദീകരണം ആവശ്യപ്പെടാതെയുമാണ് ഇന്‍കം ടാക്സ് അക്കൗണ്ട് മരവിപ്പിച്ചത്. അങ്ങേയറ്റം തെറ്റായ നടപടിയാണിത്. പ്രതിപക്ഷ പാര്‍ട്ടികളേയും അവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളേയും വേട്ടയാടുന്ന കേന്ദ്ര നയത്തിന്റെ ഭാഗമാണിതെന്നും സിപിഎം വ്യക്തമാക്കി.
ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായി ഇത്തരം നയങ്ങള്‍ തിരുത്താനുള്ള പോരാട്ടത്തില്‍ അണിചേരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു.