പാര്‍സല്‍ സര്‍വീസിന്റെ മറവില്‍ കടത്തിയ 900 കിലോയിലേറെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി
Monday, April 8, 2024 8:08 PM IST
തിരുവല്ലം: തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍സല്‍ സര്‍വീസിന്റെ മറവില്‍ കടത്തിയ 900 കിലോയിലേറെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി.
ഇലക്ഷന് സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം സ്പെഷ്യല്‍ സ്ക്വഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ആർപിഎഫുമായി സംയുക്തമായി ഇന്നലെ ഉച്ചയ്ക്ക് നടത്തിയ പരിശോധനയിലണ് പാര്‍സല്‍ സര്‍വീസിന്റെ മറവില്‍ കടത്തിയ 900 കിലോയിലേറെ നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് അനില്‍കുമാര്‍ എന്നയാളെ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ചെരിപ്പ് എന്ന വ്യാജേന രഹസ്യമായി കടത്തിയ പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്.
പരിശോധനയില്‍ എക്സൈസ് സി.ഐ ടോണി ജോസിന് പുറമേ ആർപിഎഫ് (തിരുവനന്തപുരം പോസ്റ്റ് ) കമാന്‍ഡര്‍ അജിത്കുമാര്‍, ആർപിഎഫ് സബ് ഇന്‍സ്പെക്ടര്‍മാരായ ഗോപാലകൃഷ്ണന്, അനില്‍കുമാര്‍, വിനോദ്കുമാര്‍, വര്‍ഷ മീന, ആർപിഎഫ് എഎസ്ഐ ജോജി ജോസഫ്, ആർപിഎഫ് സ്ക്വാഡ് എഎസ്ഐ ജോസ്, അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രാജേഷ്കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിപിന്‍ സെല്‍വം, കൃഷ്ണ പ്രസാദ്, സുരേഷ് ബാബു, വിനേഷ് കൃഷ്ണന് എക്സൈസ് ഡ്രൈവര്‍ അനന്തു, സാബു എന്നിവര്‍ പങ്കെടുത്തു.