കെ. ബാബുവിന് ആശ്വാസം; എം. സ്വരാജിന്റെ ഹർജി ഹൈക്കോടതി തള്ളി
Thursday, April 11, 2024 2:12 PM IST
കൊച്ചി: തൃപ്പൂണിത്തുറ എംഎൽഎ കെ. ബാബുവിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സ്ഥാനാർഥിയായിരുന്ന എം. സ്വരാജ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കെ. ബാബുവിന് എംഎൽഎയായി തുടരാം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് സ്വരാജ് കോടതിയെ സമീപിച്ചത്. കെ. ബാബു തോറ്റാൽ അയ്യപ്പൻ തോൽക്കുന്നതു പോലെയാണെന്ന് മണ്ഡലത്തിൽ പ്രചാരണം നടത്തി. അയ്യപ്പന്റെ ചിത്രവും സ്ഥാനാർഥിയുടെ ചിത്രവും വച്ച സ്ലിപ്പ് വിതരണം ചെയ്തുവെന്നും സ്വരാജ് ഹർജിയിൽ പറയുന്നു.
അതേസമയം, വിധിയിൽ വളരെയേറെ സന്തോഷമുണ്ടെന്ന് കെ ബാബു പ്രതികരിച്ചു. ജനകീയ വിധി മാനിക്കാത്ത സിപിഎം, കോടതി വിധിയെങ്കിലും മാനിക്കാൻ തയാറാകണമെന്നും ആവശ്യപ്പെട്ടു.
അയ്യപ്പന്റെ ചിത്രം വച്ച് താൻ സ്ലിപ് അടിച്ചിട്ടില്ല. എല്ലാം കൃത്രിമമായി ഉണ്ടാക്കിയതായിരുന്നു. വിധി യുഡിഎഫ് പ്രവർത്തകർക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ആവേശമാകുമെന്നും കെ ബാബു പ്രതികരിച്ചു.