കോടതി വിധിയിൽ സന്തോഷം; പോരാടി നേടിയ വിജയം മോശമാക്കാൻ ശ്രമിച്ചു: കെ.ബാബു
Thursday, April 11, 2024 3:01 PM IST
കൊച്ചി: തന്നെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സ്ഥാനാർഥിയായിരുന്ന എം. സ്വരാജ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി തൃപ്പൂണിത്തുറ എംഎൽഎ കെ. ബാബു.
കോടതി വിധിയിൽ ഏറെ സന്തോഷമുണ്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ വിജയിച്ചു. ആ തെരഞ്ഞെടുപ്പ് വിധി അസാധുവാക്കണമെന്നും എൽഡിഎഫ് സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്.
മൂന്നുവർഷമായി കേസു നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് വിധി വന്നു. കേസ് തള്ളി. കെ. ബാബു തോറ്റാൽ അയ്യപ്പൻ തോൽക്കുന്നതു പോലെയാണെന്ന് മണ്ഡലത്തിൽ പ്രചാരണം താൻ നടത്തി, ചുമരെഴുതി തുടങ്ങിയ ആരോപണങ്ങളെല്ലാം ഹൈക്കോടതി തള്ളിയിരുന്നു.
അയ്യപ്പ സ്വാമിയുടെ പടം വച്ച് സ്ലിപ്പ് അടിച്ച് വിതരണം ചെയ്തുവെന്ന ആക്ഷേപം നിലനിൽക്കുമെന്ന് ഹൈക്കോടതി അന്ന് പറഞ്ഞിരുന്നു. സത്യമെന്തെന്നാൽ ഞങ്ങൾ അത്തരമൊരു സ്ലിപ് അടിച്ചിട്ടില്ല. അത് കൃത്രിമമായി ഉണ്ടാക്കിയതാണ്.
ഇലക്ഷന് തലേദിവസമാണ് പോലീസിൽ പരാതി നൽകിയത്. ഇലക്ഷനുമായി ബന്ധപ്പെട്ടവർക്കാണ് അത് നൽകേണ്ടിയിരുന്നത്. എന്നാൽ അങ്ങനെ ചെയ്തില്ല. 2021ലെ ജനകീയ വിധി യുഡിഎഫിനെ വിജയിപ്പിച്ചു.
ബിജെപിയുടെ പിന്തുണയോടെ ആണ് വോട്ട് വിലയ്ക്ക് വാങ്ങിയതെന്ന് ആക്ഷേപമുണ്ടായിരുന്നു. ഞങ്ങൾ പോരാടി നേടിയ വിജയം മോശമാക്കാൻ എൽഡിഎഫ് ശ്രമിച്ചു. അവർ ജനകീയ കോടതി വിധി മാനിച്ചില്ല. എന്നാൽ ഇപ്പോൾ നീതിന്യായ കോടതിയിൽ നിന്നും സത്യം കണ്ടെത്തിയിക്കുന്നു.
കോടതി വിധിയും ജനവിധിയും ഇടതുപക്ഷ മുന്നണിയും സ്ഥാനാർഥിയും അംഗീകരിക്കാൻ തയാറാകണം. തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യം ഞങ്ങൾക്കുണ്ടായിരുന്നു. ഞാൻ ഏഴ് തെരഞ്ഞെടുപ്പിൽ മത്സരിച്ചു. ഒന്നിൽ പോലും ഇതുവരെ മെമ്മോ പോലും ലഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ചട്ടം നൂറ് ശതമാനം അനുസരിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടുള്ളത്.
ഈ തെരഞ്ഞെടുപ്പ് ഫലം എന്തുകൊണ്ടോ ഇടതുപക്ഷത്തിനും സ്ഥാനാർഥിക്കും ഉൾക്കൊള്ളാനായില്ല. സത്യം പറഞ്ഞാൽ എൽഡിഎഫിന്റെ വോട്ട് ഇവിടെ കുറഞ്ഞിരുന്നു. അതിന് അന്ന് അവർ നടപടിയുമെടുത്തിരുന്നു. എന്നാൽ ബിജെപി വോട്ട് തേടിയാണ് താൻ ജയിച്ചതെന്നാണ് അവർ അന്ന് പറഞ്ഞത്. മുഖ്യമന്ത്രി പോലും ആ ആക്ഷേപം ഉന്നയിച്ചിരുന്നുവെന്നും കെ. ബാബു പറഞ്ഞു.