വിചിത്രമായതും ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതുമായ വിധി: എം.സ്വരാജ്
Thursday, April 11, 2024 3:10 PM IST
കൊച്ചി: തൃപ്പൂണിത്തുറ എംഎല്‍എ കെ. ബാബുവിനെ അയോഗ്യനാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി എം.സ്വരാജ്. വിചിത്രമായ വിധിയാണിതെന്ന് സ്വരാജ് പ്രതികരിച്ചു.
തെറ്റായ സന്ദേശം നല്‍കുന്നതും തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുന്നതുമായ വിധിയാണിത്. താന്‍ കേസ് ജയിച്ചോ തോറ്റോ എന്നതിലല്ല കാര്യം.
ഈ വിധി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. നാളെ വിശ്വാസികളുടെ വോട്ട് ലക്ഷ്യം വച്ച് ദൈവങ്ങളുടെ ചിത്രം സ്ലിപ്പില്‍ അച്ചടിച്ച് കൊടുത്താല്‍ പോലും അത് സാധൂകരിക്കപ്പെടുമെന്ന തോന്നലുണ്ടാക്കാന്‍ ഈ വിധിക്ക് കഴിയും. വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം പാര്‍ട്ടിയുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും സ്വരാജ് പ്രതികരിച്ചു.
കെ. ബാബുവിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ സിപിഎം സ്ഥാനാർഥിയായിരുന്ന എം. സ്വരാജ് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് സ്വരാജ് കോടതിയെ സമീപിച്ചത്.