വി.ഡി. സതീശൻ സ്വന്തം പാർട്ടിയുടെ പ്രകടനപത്രിക പോലും വായിച്ചിട്ടില്ല: ഇ.പി. ജയരാജൻ
Sunday, April 14, 2024 7:43 AM IST
കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്വന്തം പാർട്ടിയുടെ പ്രകടന പത്രിക പോലും വായിക്കാതെയാണ് സംസാരിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. കോൺഗ്രസിന്റെ പ്രകടനപത്രിക വായിച്ചിരുന്നെങ്കിൽ അതിൽ പൗരത്വ നിയമഭേദഗതിയെ കുറിച്ച് പരാമർശിക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെടില്ലായിരുന്നുവെന്നും ജയരാജൻ പറഞ്ഞു.
ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറി. അതുകൊണ്ടാണ് പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നും തന്നെ പ്രകടന പത്രികയിൽ ഉൾപ്പെടുത്താതിരുന്നത്. ഇക്കാര്യം പ്രകടന പത്രികയിൽ ഉൾപ്പെടുത്താൻ സൗകര്യമില്ലെന്ന കോൺഗ്രസ് നേതാവും കെപിസിസി ആക്ടിംഗ് പ്രസിഡന്റുമായ എം.എം. ഹസന്റെ പ്രസ്താവന ധിക്കാരപരവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്നും ജയരാജൻ കുറ്റപ്പെടുത്തി.
വിവാദ ദല്ലാൾ നന്ദകുമാർ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥിയും മുൻ കോൺഗ്രസ് നേതാവു മായ അനിൽ ആന്റണിയെ കുറിച്ച് നടത്തിയ ആരോപണം ശരിയാണോ എന്നെനിക്കറിയില്ല. അനിൽ ആന്റണി മറുകണ്ടം ചാടിയത് അഴിമതി നടത്തിയത് കൊണ്ടാണെന്ന് സംശയിക്കുന്നു. പക്ഷേ ഇപ്പോൾ അനിൽ ആന്റണിയുടെ അഴിമതിക്കഥകളാണ് പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസം നാദാപുരത്തെ ലീഗ് കേന്ദ്രത്തിലുണ്ടായ സ്ഫോടനം സംബന്ധിച്ച് ദുരൂഹതയുണ്ട്. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം നടത്തണം. പാനൂരിലെ സ്ഫോടനവുമായി സിപിഎമ്മിന് ഒരു ബന്ധവുമില്ലെങ്കിലും പാർട്ടിയെ പ്രതിക്കൂട്ടിലാക്കാൻ മാധ്യമങ്ങൾ മത്സരിക്കുകയാണ്.
ഇതേ മാധ്യമങ്ങൾ തന്നെ ലീഗ് കേന്ദ്രത്തിലെ സ്ഫോടനത്തെ നിസാരവത്കരിക്കുകയാണ്. ബോംബ് നിർമാണം പോലുള്ള കുറ്റം ആരു ചെയ്താലും അത് തെറ്റ് തന്നെയാണ്. പാനൂർ സ്ഫോടനക്കേസിൽ പ്രതികളായവർ നിരപരാധികളാണെന്ന് പറയാൻ ഞാൻ പോലീസോ കോടതിയോ അല്ല. പോലീസ് നിഷ്പക്ഷമായി അന്വേഷിക്കണം. പ്രതികൾ ആരാണെന്ന് കോടതി തീരുമാനിക്കട്ടെ.
പാനൂരിൽ ബോംബ് സ്ഫോടനവും ബോംബേറും ആദ്യത്തെ സംഭവമല്ല. ഡിസിസി ഓഫീസിൽ വച്ച് വ്യത്യസ്ത രീതിയിലുള്ള ബോംബുകളുണ്ടാക്കിയവരാണ് കോൺഗ്രസ്. അവർ വല്ലാതെ സിപിഎമ്മിനെതിരെ ആരോപണം ഉന്നയിക്കാൻ വരേണ്ട. പാനൂർ മേഖലയിൽ ബോംബുകൾ നിർമിച്ച് കച്ചടവടം ചെയ്യുന്നവരുണ്ട്. ഏറ്റവും ഒടുവിലത്തെ സ്ഫോടനം അത്തരക്കാരിൽ നിന്നുള്ളതാണോ എന്ന് പരിശോധിക്കണം.
ലക്ഷക്കണക്കിന് അംഗങ്ങളുടെ സംഘടനയാണ് ഡിവൈഎഫ്ഐ. എല്ലാവരുടെയും സ്വഭാവം നമ്മുക്ക് പരിശോധിക്കാനാവുമോ എന്നും ജയരാജൻ ചോദിച്ചു. യുഡിഎഫിന് കേന്ദ്ര ഏജൻസിയിലാണ് വിശ്വാസമെന്ന് ഷാഫി പറന്പിൽ പറയുന്നു. സോണിയാ ഗാന്ധിക്കെതിരേയുള്ള പരാതി അന്വേഷിക്കുന്നതും കേന്ദ്ര ഏജൻസിയാണ്. ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളതെന്ന് കോൺഗ്രസ് നേതൃത്വവും യുഡിഎഫും വ്യക്തമാക്കണമെന്നും ഇ.പി. ജയരാജൻ ആവശ്യപ്പെട്ടു.