ബോംബ് രാഷ്ട്രീയം തകര്‍ന്നപ്പോള്‍ നുണ ബോംബുമായി സിപിഎം ഇറങ്ങിയിരിക്കുകയാണ്: പ്രതിപക്ഷ നേതാവ്
Wednesday, April 17, 2024 5:50 PM IST
കണ്ണൂര്‍: ബോംബ് രാഷ്ട്രീയം തകര്‍ന്നപ്പോള്‍ പുതിയ നുണ ബോംബുമായി സിപിഎമ്മും സ്ഥാനാര്‍ഥിയും ഇറങ്ങിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ത്രീകളെയോ എതിര് സ്ഥാനാര്‍ഥികളെയോ അപമാനിക്കുന്നതിനെ യുഡിഎഫ് ഒരു കാലത്തും പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന് സതീശൻ പറഞ്ഞു.
കെ.കെ. രമയെ ആസ്ഥാന വിധവയെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോള്‍ കെ.കെ. ശൈലജയെയോ ബൃന്ദാ കാരാട്ടിനെയോ കണ്ടില്ല. ലതികാ സുഭാഷിനെയും ഐസിയുവില്‍ പീഡനത്തിന് ഇരയായ അതിജീവിതയെയും വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും ആരെയും കണ്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്തരം കാര്യങ്ങള്‍ സിപിഎമ്മാണ് ചെയ്യുന്നത്. വൈകാരികമായി തൊണ്ടയിടറി പറഞ്ഞെന്ന തരത്തില്‍ ഇപ്പോള്‍ വാര്‍ത്ത വരുത്തിക്കുകയാണ്. ആരോഗ്യമന്ത്രിയായിരുന്ന ശൈലജയ്ക്കെതിരെ യുഡിഎഫ് രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കും.1032 കോടിയുടെ അഴിമതി ആരോപണം അവര്ക്കെതിരെയുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.