കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാല് കേസുകള്‍
Thursday, April 18, 2024 12:36 PM IST
കണ്ണൂര്‍: വടകരയിലെ ഇടത് സ്ഥാനാര്‍ഥിയും മുന്‍ മന്ത്രിയുമായ കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാല് കേസുകള്‍. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയായ പ്രവാസി മലയാളി കെ.എം.മിന്‍ഹാജിനെതിരെ രണ്ടിടത്ത് കേസെടുത്തു. വടകരയിലും മട്ടന്നൂരിലുമാണ് കേസെടുത്തിട്ടുള്ളത്.
സല്മാന് വാളൂര്‍ എന്ന മുസ്ലീം ലീഗ് പ്രവര്‍ത്തകനെതിരേ പേരാമ്പ്ര പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ ന്യൂ മാഹി പൊലീസ് ലീഗ് പ്രാദേശിക നേതാവ് അസ്ലമിനെതിരേയും കേസെടുത്തിരുന്നു.
വിവിധ കേസുകളിലായി പ്രതി ചേർത്തിട്ടുള്ള നാല് പേരും ലീഗ് പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു. കെ.കെ. ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റിലാണ് കെ.എം.മിന്‍ഹാജിനെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തത്. പത്ത് ദിവസം മുമ്പ് ശൈലജ നല്കിയ പരാതിയിലാണ് നടപടി. ശൈലജയുടെ ചിത്രം മോര്‍ഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചുവെന്നും ഇത് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നുമാണ് കേസ്.
ഐപിസി 509, കേരള പോലീസ് ആക്റ്റ് 120 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകളും ഇയാള്‍ക്കെതിരേ മട്ടന്നൂർ പോലീസ് ചുമത്തിയിട്ടുണ്ട്.