വാഴൂർ സോമന് ആശ്വാസം; പീരുമേട്ടിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി തള്ളി
Friday, May 31, 2024 12:04 PM IST
ഇടുക്കി: പീരുമേട് തെരഞ്ഞെടുപ്പ് കേസിൽ സിപിഐ എംഎൽഎ വാഴൂർ സോമന് ആശ്വാസം. എംഎൽഎയുടെ വിജയം ചോദ്യംചെയ്ത് യുഡിഎഫ് സ്ഥാനാർഥി സിറിയക് തോമസ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹർജിയിലെ വാദങ്ങൾ നിരാകരിച്ചു കൊണ്ടാണ് ജസ്റ്റീസ് മേരി തോമസ് അധ്യക്ഷയായ സിംഗിൾ ബെഞ്ച് വിധി പറഞ്ഞത്.
അതേസമയം, വിധി നിരാശാജനകമെന്ന് സിറിയക് തോമസ് പ്രതികരിച്ചു. വിധിപ്പകർപ്പ് ലഭിച്ച ശേഷം സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വസ്തുതകള്‍ മറച്ചുവെച്ചാണ് വാഴൂര്‍ സോമന്റെ സത്യവാംഗ്മൂലം എന്നാണ് തെരഞ്ഞെടുപ്പ് ഹര്‍ജിയിലെ പ്രധാന ആക്ഷേപം. വാഴൂര്‍ സോമനെ വിജയിയായി പ്രഖ്യാപിച്ച റിട്ടേണിംഗ് ഓഫീസറുടെ നടപടി നിയമ വിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നും ഹർജിയിൽ പറയുന്നു.
അപൂര്‍ണമായ നാമനിര്‍ദേശ പത്രിക അംഗീകരിച്ച നടപടി ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണെന്നും പരാതിയുണ്ട്. സംസ്ഥാന വെയര്‍ ഹൗസിംഗ് കോര്പ്പറേഷന് ചെയര്‍മാനായിരിക്കെയാണ് വാഴൂര്‍ സോമന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്. ഇത് ഇരട്ടപദവിയുടെ പരിധിയില്‍ വരുമെന്നുമാണ് യുഡിഎഫ് സ്ഥാനാർഥിയുടെ ആക്ഷേപം.
ബാധ്യതകളും വരുമാനവും സംബന്ധിച്ച് നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പമുള്ള സത്യവാംഗ്മൂലത്തില്‍ നിന്ന് മറച്ചുവെച്ചുവെന്നും ഇത് 2002ലെ സുപ്രിംകോടതി വിധിയുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നുണ്ട്.
നാമനിർദേശ പത്രികയിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കാതിരിക്കുന്നത് സമ്മതിദായകന്റെ അറിയാനുള്ള അവകാശത്തിന് വിരുദ്ധമാണ്. ഇത് സംബന്ധിച്ച എതിര്‍പ്പുകള്‍ പരിഗണിക്കാതെയാണ് നാമനിര്‍ദേശ പത്രിക റിട്ടേണിംഗ് ഓഫീസർ അംഗീകരിച്ചത് എന്നും സിറിയക് തോമസ് വാദിച്ചിട്ടുണ്ട്.