കടലാസ് പന്ത് വായില്‍ തിരുകി മകനെ കൊലപ്പെടുത്തിയ ആള് അറസ്റ്റില്‍
Wednesday, June 12, 2024 3:25 PM IST
മുംബൈ: കടലാസ് പന്ത് വായില്‍ തിരുകി ഒമ്പതുവയസുകാരനെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ സഹപൂര്‍ താലൂക്കിലെ കാസറ ഏരിയയിലെ വാശാലയിലാണ് സംഭവം. പ്രതി മദ്യലഹരിയിലാണ് കൃത്യം നടപ്പാക്കിയതെന്ന് പോലീസ് പറഞ്ഞു.
വീട്ടുവഴക്കിനെ തുടര്‍ന്ന് ഭാര്യയുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു പ്രതി. കുട്ടി അമ്മയ്ക്കൊപ്പമായിരുന്നു. തിങ്കളാഴ്ച കുട്ടിയെ കാണാതായതോടെ അമ്മയും ബന്ധുക്കളും കുട്ടിയെ തിരയാന്‍ ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടിന് കുട്ടിയെ പിതാവായ 59കാരന്റെ വീടിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
മൂക്കില്‍ നിന്നും വായില്‍ നിന്നും ചോരയൊലിച്ച നിലയിലായിരുന്നു മൃതദേഹം.തുടർന്നുള്ള അന്വേഷണത്തിൽ പിതാവ് പിടിയിലാവുകയായിരുന്നു. പ്രതി നോട്ട്ബുക്ക് പേപ്പറുകളില്‍ നിന്ന് ഉണ്ടാക്കിയ പന്ത് കുട്ടിയുടെ വായില്‍ ബലമായി കുത്തിക്കയറ്റി കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.