രാജ്യസഭാ സീറ്റ് ആർജെഡിക്ക് നൽകാനുള്ള മാന്യത ഇടുതുമുന്നണി കാണിക്കണമായിരുന്നു: എം.വി. ശ്രേയാംസ് കുമാർ
Wednesday, June 12, 2024 3:45 PM IST
കോഴിക്കോട്: ഇടതുമുന്നണിയിൽ കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് ആർജെഡി നേതാവ് എം.വി. ശ്രേയാംസ് കുമാർ. എൽഡിഎഫിലേക്ക് ക്ഷണിച്ചിട്ടാണ് വന്നതെന്നും ശ്രേയാംസ് കുമാർ വ്യക്തമാക്കി.
ആർജെഡിയുടെ ലോക്സഭാ സീറ്റിന്റെ കാര്യം 2024 ൽ പരിഗണിക്കാമെന്ന് കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും 2019 ൽ ഉറപ്പു നൽകിയതാണ്. എന്നാൽ അത് പരിഗണിച്ചില്ല. ഇതിൽ കടുത്ത നിരാശയുണ്ടായിട്ടും തെരഞ്ഞെടുപ്പിൽ ശക്തമായി പ്രവർത്തിച്ചു. മന്ത്രിസ്ഥാനം ആദ്യം മുതൽ ആവശ്യപ്പെട്ടതാണ്. എന്നാൽ ആർജെഡിക്ക് മാത്രം ലഭിച്ചില്ലെന്ന് അദ്ദേഹം അതൃപ്തി അറിയിച്ചു.
മുന്നണിയിലെ നാലാമത്തെ കക്ഷിയാണ് ആർജെഡി. എന്നാൽ പതിനൊന്നാമത്തെ പാർട്ടിയായാണ് പരിഗണിക്കുന്നത്. ജെഡിഎസിന് ലഭിക്കുന്ന പരിഗണന പോലും പാർട്ടിക്ക് മുന്നണിയിൽനിന്ന് ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യസഭാ സീറ്റുമായാണ് പാർട്ടി മുന്നണിയിലേക്ക് വന്നത്. എന്നാൽ കാര്യമായ പരിഗണന ലഭിച്ചില്ല. 2024 ൽ രാജ്യസഭാ സീറ്റ് ആർജെഡിക്ക് നൽകാനുള്ള മാന്യത ഇടുതുമുന്നണി കാണിക്കണമായിരുന്നുവെന്നും ശ്രേയാംസ് കൂമാർ പറഞ്ഞു.