ശൈശവ വിവാഹത്തെ പ്രതിരോധിക്കാൻ പെൺകുട്ടികൾക്ക് സ്റ്റൈപൻഡുമായി ആസാം സർക്കാർ
Wednesday, June 12, 2024 5:30 PM IST
ഗുവാഹത്തി: ശൈശവ വിവാഹത്തെ പ്രതിരോധിക്കാൻ പുതിയ പദ്ധതിയുമായി ആസാം സർക്കാർ. മുഖ്യമന്ത്രി നിജുത് മൊയ്ന എന്നു പേരിട്ട പദ്ധതി പ്രകാരം ഓരോ വിദ്യാർഥിനിക്കും പരമാവധി 2500 രൂപ വരെ സ്റ്റൈപെൻഡ് ലഭിക്കും.
പ്ലസ് വൺ മുതൽ പിജി വരെ പഠിക്കുന്ന പെൺകുട്ടികൾക്കാണ് സംസ്ഥാന സർക്കാർ പ്രതിമാസ ധനസഹായം പ്രഖ്യാപിച്ചത്. പുതിയ പദ്ധതിയിലൂടെ സംസ്ഥാനത്തെ രണ്ട് ലക്ഷം പെൺകുട്ടികളെ കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞേക്കുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത് ബിശ്വശർമ്മ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
1500 കോടി രൂപയാണ് പദ്ധതിക്കായി അഞ്ച് വർഷത്തേക്ക് കണക്കാക്കുന്ന ചെലവ്. പിജി ക്ലാസുകൾക്ക് മുമ്പ് വിവാഹിതരാവുന്ന പെൺകുട്ടികൾക്ക് സാമ്പത്തിക സഹായം ലഭിക്കില്ല. പിജി ക്ലാസുകളിൽ വിവാഹിതർക്കും സ്റ്റൈപെൻഡിന് അർഹതയുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്നവർക്ക് മാസം 1000 രൂപ വീതവും ഡിഗ്രി ക്ലാസുകളിൽ പഠിക്കുന്നവർക്ക് മാസം 1250 രൂപ വീതവും പിജി ക്ലാസുകളിലെ വിദ്യാർഥിനികൾക്ക് മാസം 2500 രൂപ വീതവുമാണ് സ്റ്റൈപെൻഡ് ലഭിക്കുക. കഴിഞ്ഞ ഫെബ്രുവരിയിൽ മാത്രം 5000 ത്തോളം പേരെ ശൈശവ വിവാഹ നിരോധന നിയമ പ്രകാരം ആസാമിൽ അറസ്റ്റ് ചെയ്തിരുന്നു.