ബാരാമതിയില്‍ നിന്നു അജിത്ത് പവാര്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും: സുനില്‍ തത്കറെ
Wednesday, June 12, 2024 8:07 PM IST
മുംബൈ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാരാമതി മണ്ഡലത്തില്‍ നിന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാര്‍ ഒന്നരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എന്‍സിപി നേതാവ് സുനില്‍ തത്കറെ. ഇപ്പോഴത്തെ തിരിച്ചടി താത്കാലികമാണെന്നും എന്‍ഡിഎ സഖ്യം ശക്തമായി തിരിച്ചുവരുമെന്നും തത്കറെ പറഞ്ഞു.
സംസ്ഥാനത്തെ തിരിച്ചടിയെ കുറിച്ച് എന്‍ഡിഎയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും പോരായ്മകളെല്ലാം തിരുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു.
നിയമസഭയില്‍ ബാരാമതി മണ്ഡലത്തെയാണ് അജിത്ത് പവാര്‍ പ്രതിനിധാനം ചെയ്യുന്നത്. 1991 മുതല്‍ അജിത്ത് പവാര്‍ മാത്രം ആണ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചിട്ടുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒന്നരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍സിപി-എസ്പി അധ്യക്ഷന്‍ ശരദ് പവാറിന്റെ മകള്‍ സപ്രിയ സുലേയാണ് ബാരാമതി മണ്ഡലത്തില്‍ നിന്നു വിജയിച്ചത്. അജിത്ത് പവാറിന്റെ ഭാര്യ സുനേത്രയെയാണ് സുപ്രിയ തോല്‍പ്പിച്ചത്.