ഏറ്റുമാനൂരില്‍ വീട് കുത്തി തുറന്ന് വൻ മോഷണം
Wednesday, June 12, 2024 11:24 PM IST
ഏറ്റുമാനൂര്‍: പുന്നത്തുറയില്‍ അടഞ്ഞു കിടന്ന വീട് കുത്തി തുറന്ന് വൻ മോഷണം. 12 പവൻ സ്വർണാഭരണങ്ങളും, 4000 രൂപയും കവർന്നു. പുന്നത്തുറ വെസ്റ്റ് കറ്റോട് ഭാഗം ദേവഗംഗയില്‍ ഭദ്രന്‍പിള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്.
ഞായറാഴ്ച ഭദ്രൻ പിള്ളയും ഭാര്യ ശ്യാമളയും കണ്ണൂരിൽ ക്ഷേത്ര ഉത്സവത്തിൽ പങ്കെടുക്കാനായി പോയിരുന്നു. ഇതിനുശേഷം ചൊവ്വാഴ്ച തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോൾ അലമാരയില്‍ സൂക്ഷിച്ചിരുന്ന 12 പവനോളം സ്വര്‍ണവും നാലായിരം രൂപയും മോഷണം പോയതായി വ്യക്തമായത്.
തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്കി. സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് രണ്ടിലധികം പേരെ വീടിന് സമീപം സംശയാസ്പദമായി കണ്ടെത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
വീട്ടുകാര്‍ സ്ഥലത്തില്ലാതിരുന്ന വിവരം മുന്‍കൂട്ടി മനസിലാക്കിയ ആരെങ്കിലുമാവാം മോഷണത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.