അടുത്ത മണിക്കൂറുകളിൽ ഇടിയോടുകൂടി മഴയെത്തും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്
Wednesday, June 19, 2024 10:43 AM IST
തിരുവനന്തപുരം: അടുത്ത മൂന്നുമണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
കൊല്ലം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നേരത്തെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ആന്ധ്രാ തീരത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ സജീവമാകാൻ കാരണം.