ഒന്നരകിലോ കഞ്ചാവുമായി അതിഥിത്തൊഴിലാളി പിടിയില്‍
Saturday, June 22, 2024 6:04 PM IST
കൊച്ചി: ബംഗാളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് എത്തിച്ചിരുന്ന അതിഥിത്തൊഴിലാളി പിടിയില്‍. ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി സഹിന് മണ്ഡല് ഒന്നരകിലോ കഞ്ചാവുമായാണ് പിടിയിലായത്. മാറമ്പിള്ളി തിരുവൈരാണിക്കുളം ഭാഗത്തുനിന്നാണ് പിടികൂടിയത്.
പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കാലടി പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് സഹിന് പിടിയിലായത്. ബംഗാളില്‍ നിന്ന് 9000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ വിറ്റിരുന്നത് 30000 രൂപയ്ക്കാണ്. കഞ്ചാവ് വില്‍പ്പനയ്ക്കായി നില്‍ക്കുമ്പോഴാണ് സഹിനെ പോലീസ് പിടികൂടിയത്.
ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിന്തുടര്ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എ.എസ്.പി മോഹിത് റാവത്ത്, ഇന്‍സ്പെക്ടര്‍ കെ. ഷിജി, എസ്.ഐ ജെയിംസ് മാത്യു , എ.എസ്.ഐ പി.എ അബ്ദുല്‍ മനാഫ്, സീനിയര്‍ സിപിഒമാരായ പി.എ ഷംസു, മനോജ് കുമാര്‍, ടി.എ അഫ്സല്, എം.പി ജിന്സണ്, ഷൈജു അഗസ്റ്റിന്, ബെന്നി ഐസക് തുടങ്ങിയവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.