യുവാവിനെ ഭീഷണിപ്പെടുത്തി കാർ കവർന്നു; സൈജു തങ്കച്ചൻ അറസ്റ്റിൽ
Wednesday, July 3, 2024 7:43 AM IST
കൊച്ചി: ബിസിനസ് സംബന്ധമായ കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന പേരിൽ യുവാവിനെ ഹോട്ടലിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി കാർ കവർന്നുവെന്ന പരാതിയിൽ നിരവധി കേസുകളിലെ പ്രതിയായ സൈജു തങ്കച്ചൻ അറസ്റ്റിൽ.
2021ൽ മോഡലുകളായ രണ്ടു യുവതികൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് സൈജു തങ്കച്ചൻ.
കൊച്ചിയിലെ ഡ്രീം ലാൻഡ് വ്യൂ എന്ന ഹോട്ടലിലേക്ക് അഭിനന്ദ് എന്നയാളെ വിളിച്ചു വരുത്തി സൈജുവും സുഹൃത്ത് റെയ്സ്, റെയ്സിന്റെ ഭാര്യ റെമീസ് എന്നിവർ ചേർന്ന് ഭീഷണിപ്പെടുത്തുകയും അഭിനന്ദിന്റെ ഹോണ്ട അമേസ് കാർ കവർച്ച ചെയ്യുകയും ചെയ്തു എന്ന കേസിലാണ് നടപടി.
മോഡലുകൾ കൊല്ലപ്പെട്ട കേസ് കൂടാതെ മയക്കുമരുന്ന് കേസുകളിലും പോക്സോ കേസിലും പ്രതിയാണ് സൈജു തങ്കച്ചൻ. എറണാകുളം ടൗൺ, സൗത്ത്, പാലാരിവട്ടം, ഇൻഫോപാർക്ക്, പനങ്ങാട്, മരട്, ഫോർട്ട് കൊച്ചി, തൃക്കാക്കര, ഇടുക്കി വെള്ളത്തൂവൽ തുടങ്ങി നിരവധി സ്റ്റേഷനുകളിൽ സൈജുവിനെതിരെ കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.