പീച്ചി പോലീസ് സ്റ്റേഷനിലും മർദനം; ദൃശ്യങ്ങൾ പുറത്തുവിട്ട് പരാതിക്കാരൻ
Sunday, September 7, 2025 1:36 AM IST
തൃശൂർ: കേരളത്തെ ഞെട്ടിച്ച് വീണ്ടും പോലീസ് സ്റ്റേഷൻ മർദന ദൃശ്യങ്ങൽ പുറത്തുവരുന്നു. പീച്ചി പോലീസ് സ്റ്റേഷനിൽ നിന്നുള്ള പോലീസ് മർദനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. പട്ടിക്കാട്ട് ലാലീസ് ഗ്രൂപ്പ് നടത്തുന്ന ഫുഡ് ആൻഡ് ഫൺ ഹോട്ടലിൽ 2023 മേയ് 23നു ഭക്ഷണം കഴിക്കാനെത്തിയവരുമായുണ്ടായ തർക്കമാണു സംഭവത്തിനു പിന്നിൽ.
ഹോട്ടൽ ജീവനക്കാർ തന്നെ മർദിച്ചതായി പാലക്കാട് വണ്ടാഴി സ്വദേശി പരാതിപ്പെട്ടിരുന്നു. സ്റ്റേഷനിലെത്തിയ ഹോട്ടൽ മാനേജർ റോണി ജോണിയെയും ഡ്രൈവർ ലിതിൻ ഫിലിപ്പിനെയും അന്നത്തെ എസ്എച്ച്ഒ പി.എം. രതീഷിന്റെ നേതൃത്വത്തിൽ മർദിച്ചതായി ലാലീസ് ഗ്രൂപ്പ് ഉടമ കെ.പി. ഔസേഫ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ ഔസേഫിന്റെ മകൻ പോൾ ജോസഫിനെ ഉൾപ്പെടെ എസ്എച്ച്ഒ ലോക്കപ്പിലടയ്ക്കുകയും പരാതി ഒത്തുതീർപ്പാക്കുന്നതിനു നിർദേശിക്കുകയും ചെയ്തു.
ഒത്തുതീർപ്പിനായി പരാതിക്കാരൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയും അതിൽ മൂന്ന് ലക്ഷം പോലീസിനാണെന്ന് പറയുകയും ചെയ്തു. അഞ്ച് ലക്ഷം രൂപ സിസിടിവി കാമറയ്ക്കു മുന്നിൽവച്ചാണ് ഔസേഫ് കൈമാറിയത്. തന്നെ ആരും മർദിച്ചില്ലെന്നു പരാതിക്കാരൻ മൊഴി നൽകി ജില്ലാ അതിർത്തി കടന്നു പോയതിനു പിന്നാലെ ജീവനക്കാരെ പോലീസ് മോചിപ്പിച്ചു. സംസ്ഥാന വിവരാവകാശ കമ്മീഷൻ മുഖേന പോലീസ് സ്റ്റേഷനിലെ ദൃശ്യങ്ങൾ ലഭിക്കുന്നതിന് ഔസേഫ് അപേക്ഷിച്ചു. ഒരു വർഷത്തോളം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ദൃശ്യങ്ങൾ ലഭ്യമായത്.