കുടുംബത്തില്‍ നിന്നും പത്താമത്തെയാള്?; ചന്നപട്ടണയില്‍ ദേവഗൗഡയുടെ മകള്‍ മത്സരിച്ചേക്കും
Thursday, July 4, 2024 9:29 AM IST
ബംഗളൂരു: ജനതാദള്‍-എസ് നേതാവ് എച്ച്.ഡി. ദേവഗൗഡയുടെ മകള്‍ അനസൂയ മഞ്ജുനാഥ ചന്നപട്ടണ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ആയേക്കുമെന്ന് സൂചന. എച്ച്.ഡി.കുമാരസ്വാമി എംപിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചന്നപട്ടണ നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.
ഇന്ന് ചേരുന്ന ബിജെപി സംസ്ഥാന എക്സിക്യൂട്ടീവില്‍ സീറ്റ് ജെഡിഎസിന് നല്കുന്നതില് തീരുമാനം ഉണ്ടാകും. ശനിയാഴ്ച ജെഡിഎസ് സംസ്ഥാന സമിതി ചേര്‍ന്ന് അനസൂയയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചേക്കും. കേന്ദ്രമന്ത്രി കുമാരസ്വാമിയും ജെഡിഎസ് സംസ്ഥാന അധ്യക്ഷനും മറ്റ് മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.
അനസൂയക്ക് ടിക്കറ്റ് ലഭിച്ചാല്‍ മുന്‍ പ്രധാനമന്ത്രിയുടെ കുടുംബത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുന്ന പത്താമത്തെ അംഗമായിരിക്കും. ബിരുദാനന്തര ബിരുദധാരിയായ അനസൂയ ബാംഗ്ലൂര്‍ റൂറല്‍ എംപിയും ഹൃദ്രോഗ വിദഗ്ധനുമായ ഡോ.സി.എന്‍. മഞ്ജുനാഥയുടെ ഭാര്യയാണ്. നേരത്തെ, ബംഗളുരു റൂറല്‍ മണ്ഡലത്തില്‍ ഡി.കെ. ശിവകുമാറിന്റെ സഹോദരന് ഡി.കെ. സുരേഷിനെ ഡോ. മഞ്ജുനാഥ തോല്‍പ്പിച്ചിരുന്നു.
അതേ സമയം, ചന്നപട്ടണ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി പുട്ടണ്ണയെയും കുസുമ ഹനുമന്തരായപ്പയെയുമാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. ഇരുവരും വൊക്കലിഗ സമുദായത്തില്‍ നിന്നുള്ള നേതാക്കളാണ്.