വാഹനം ഒളിപ്പിച്ച ശേഷം വ്യാജ കാർ മോഷണ പരാതി നൽകി; യുവാവ് അറസ്റ്റിൽ
Wednesday, July 17, 2024 1:01 AM IST
നോയിഡ: വാഹനം ഒളിപ്പിച്ചതിന് ശേഷം പോലീസിൽ വ്യാജ കാർ മോഷണ പരാതി നൽകിയയാൾ അറസ്റ്റിൽ. നോയിഡയിലാണ് സംഭവം.
ഡൽഹി സ്വദേശിയായ പ്രതി നോയിഡയിൽ ക്യാബ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. വാഹനത്തിന്റെ ഉടമയെ പറ്റിച്ച് കാർ സ്വന്തമാക്കാനായിരുന്നു ഇയാളുടെ പദ്ധതി.
തിങ്കളാഴ്ചയാണ് 35 കാരനായ ജിതേന്ദ്ര എന്നയാൾ താൻ ഓടിക്കുന്ന മാരുതി സ്വിഫ്റ്റ് കാർ മോഷണം പോയതായി അറിയിച്ച് സെക്ടർ 126 പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കുകയും ചെയ്തു.
തുടർന്ന് 24 മണിക്കൂറിനുള്ളിൽ പോലീസ് വാഹനം കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച ജിതേന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തു. മോഷണക്കഥ കെട്ടിച്ചമച്ചതാണെന്ന് ഇയാൾ പോലീസിനോടു സമ്മതിച്ചു. ഇയാൾ ജിപിഎസ് നീക്കം ചെയ്തതിന് ശേഷമാണ് കാർ ഒളിപ്പിച്ചുവച്ചത്.