അര്‍ജുന്റെ ലോറി പുഴയിലില്ല; നേവിയുടെ രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക കണ്ടെത്തല്‍
Friday, July 19, 2024 3:31 PM IST
ബംഗളൂരു: ഉത്തര കന്നഡയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ലോറിയില്‍ അകപ്പെട്ട മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ തുടരുന്നു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന് സമീപമുള്ള ഗംഗാവാലി പുഴയില്‍ ലോറിയില്ലെന്ന് നേവി സ്ഥിരീകരിച്ചു.
നേവിയുടെ ഡൈവര്‍മാര്‍ പുഴയിലിറങ്ങി നടത്തിയ പരിശോധനയിലാണ് നിര്‍ണായക കണ്ടെത്തല്‍. 40 ടണ്ണിന് മുകളില്‍ ഭാരമുള്ള ലോറി പുഴയില്‍ വീണിട്ടുണ്ടെങ്കില്‍ പ്രദേശത്ത് തന്നെ ഉണ്ടാകുമെന്നതിനാലാണ് ഡൈവര്‍മാര്‍ ഇവിടെ പരിശോധന നടത്തിയത്. നിലവില്‍ പരിശോധന പൂര്‍ത്തിയാക്കി ഇവര്‍ കരയ്ക്ക് കയറി.
ഇനി കര കേന്ദ്രീകരിച്ച് മാത്രമാകും രക്ഷാപ്രവര്‍ത്തനം നടത്തുക. മണ്ണിടിഞ്ഞതിന്റെ നടുഭാഗത്തായി ലോറി പെട്ടിരിക്കാം എന്നാണ് നിഗമനം. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ലോറി ഇവിടെയുണ്ടോ എന്ന് പരിശോധിക്കും.
രണ്ട് ഭാഗത്തുനിന്നും മണ്ണ് നീക്കിയും പരിശോധന നടത്തും. ദേശീയ ദുരന്ത നിവാരണ സംഘാംഗങ്ങളുടെ നേതൃത്വത്തില്‍ ദൗത്യം തുടങ്ങിയിട്ടുണ്ട്.