വയനാടിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: വി.ഡി.സതീശൻ
Thursday, August 8, 2024 5:46 PM IST
കോഴിക്കോട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിനായി കേന്ദ്രസർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വയനാട്ടില്‍ സൈന്യത്തിന്റെയും എന്‍ഡിആര്‍എഫിന്റെയും സാന്നിധ്യം ഒഴിച്ചാല്‍ കേന്ദ്രത്തിന്റെ ഒരു സഹായവും ഉണ്ടായിട്ടില്ല.
ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള വാണിംഗ് സിസ്റ്റം സംസ്ഥാനത്താകെ നടപ്പാക്കണം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ ഇരയായി മാറിക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനും മനുഷ്യനെ അവിടെ നിന്നും മാറ്റാനും സാധിക്കണം.
ലോകത്ത് എല്ലായിടത്തുമുള്ള ഈ സംവിധാനങ്ങള്‍ കേരളത്തിലും ഉണ്ടാകണം. കേന്ദ്രം സാമ്പത്തികമായി സഹായിക്കാന്‍ തയാറാകണം. വയനാട് അപകടം നടക്കുന്നതിന് രണ്ടാഴ്ച മുന്‍പ് നടന്ന നിയമസഭാ സമ്മേളനത്തിലും അപകടകരമായ കാലാവസ്ഥാ വ്യതിയാനം പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്.
ഏത് നയരൂപീകരണം നടത്തിയാലും അതിന്റെ പ്രധാനഘടകം കാലാവസ്ഥാ വ്യതിയാനമായിരിക്കണമെന്നും ആവശ്യപ്പെട്ടതാണ്. പശ്ചിമഘട്ടത്തിലെ ക്വാറികള്‍ക്കും നിയന്ത്രണം വേണം. അല്ലാതെ കര്‍ഷകരല്ല പശ്ചിമഘട്ടത്തെ ദ്രോഹിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.