കെ.കെ.ലതിക കാഫിർ പോസ്റ്റ് ഷെയര്‍ ചെയ്തത് തെറ്റ്: കെ.കെ.ശൈലജ
Wednesday, August 14, 2024 11:57 AM IST
കണ്ണൂർ: മുൻ എംഎൽഎ കെ.കെ.ലതിക കാഫിർ പോസ്റ്റ് ഷെയര്‍ ചെയ്തത് തെറ്റാണെന്ന് വടകരയിലെ ഇടത് സ്ഥാനാർഥിയായിരുന്ന കെ.കെ.ശൈലജ. സ്ക്രീൻഷോട്ട് എന്തിന് ഷെയര്‍ ചെയ്തുവെന്ന് ചോദിച്ചപ്പോള്‍ പൊതുസമൂഹം അറിയേണ്ടതല്ലേ എന്നായിരുന്നു ലതികയുടെ മറുപടിയെന്ന് ശൈലജ പ്രതികരിച്ചു.
കാഫിർ സ്ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലാണെന്ന പോലീസ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം. കാഫിര്‍ പോസ്റ്റ് ഇടതുപക്ഷത്തിന് അനുകൂലമായിട്ടുള്ളതല്ല. എല്‍ഡിഎഫിനെ ദ്രോഹിക്കുന്നതിന് വേണ്ടി ചെയ്തതാണ്. അത് ആരാണ് ചെയ്തതെങ്കിലും അവര്‍ക്കെതിരേ നടപടി വേണംമെന്നും ഷൈലജ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇടത് അനുകൂലമെന്ന് തോന്നിക്കുന്ന ചില പേരുകളില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ഇടതിനെതിരായ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇത് അത്തരത്തിലുള്ളതാണോ എന്ന് അറിയില്ല.
ഒരു പ്രമുഖ വാര്‍ത്താ മാധ്യമത്തിന്റെ ഫേക്ക് ഐഡി സൃഷ്ടിച്ച് താന്‍ പറയാത്ത കാര്യങ്ങള്‍ ചിലര്‍ പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്തത് ഇടത് പ്രവര്‍ത്തകര്‍ക്കെതിരെയല്ല. അത് യുഡിഎഫ് പ്രവര്‍ത്തകരാണ്.
കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ ലെറ്റര്‍ ഹെഡ് കൃത്രിമമായി ഉണ്ടാക്കി തനിക്കെതിരെ പ്രചാരണം നടത്തി. ഇത്തരത്തിലുള്ള പ്രചാരണങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കാഫിര്‍ പോസ്റ്റ്.
സ്ത്രീകളുടെ അടക്കം ഇടയില്‍ ഇടത് പക്ഷത്തിന് അനുകൂലമായ സാഹചര്യം ഉണ്ടായപ്പോള്‍ ഇത്തരം പ്രചരണതന്ത്രങ്ങള്‍ സ്വീകരിച്ചത്. കാഫിർ പോസ്റ്റ് വിഷയത്തിൽ കേസെടുക്കുന്നതിനൊപ്പം മറ്റ് വ്യാജപ്രചരണങ്ങള്‍ നടത്തിയവര്‍ക്കെതിരെയും നടപടി വേണമെന്നും ശൈലജ പറഞ്ഞു.