മുകേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ പരാതി നൽകും: നടി മിനു മുനീർ
Monday, August 26, 2024 11:33 PM IST
കൊച്ചി: നടനും എംഎല്‍എയുമായ മുകേഷ് ഉൾപ്പടെയുള്ളവർക്കെതിരെ പീഡന പരാതി നൽകുമെന്ന് നടി മിനു മുനീർ. പ്രത്യേക അന്വേഷണ സംഘത്തിന് ഇ-മെയിൽ മുഖേന പരാതി നൽകാനാണ് ആലോചന.
മുകേഷിനു പുറമെ ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെയും രണ്ടു പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെയും ലോയേഴ്സ് കോൺഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയും പരാതി നൽകുമെന്ന് നടി പറഞ്ഞു.
അമ്മയില്‍ അംഗത്വം ലഭിക്കണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ടെന്ന് മിനു പറഞ്ഞിരുന്നു. താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്ന് മുകേഷ് ഭീഷണിപ്പെടുത്തിയെന്നും നേരിട്ട് കണ്ടപ്പോള്‍ അദ്ദേഹം മോശമായി സംസാരിച്ചുവെന്നും വില്ലയിലേക്ക് വരാന്‍ ക്ഷണിച്ചുവെന്നും മിനു വെളിപ്പെടുത്തിയിരുന്നു.
മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി പറഞ്ഞു. സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. താൻ എതിർത്തതോടെ അവസരങ്ങൾ നിഷേധിക്കുകയായിരുന്നു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായതെന്നും മിനു പറഞ്ഞു.