അഡ്ജസ്റ്റ്മെന്റിന് തയാറാകുമോയെന്ന് ചോദിച്ചു; ചാര്‍മിള ഉന്നയിച്ച ആരോപണം ശരിവച്ച് നടന് വിഷ്ണു
Sunday, September 1, 2024 8:55 AM IST
കൊച്ചി: സംവിധായകന് ഹരിഹരനെതിരേ നടി ചാർമിള ഉന്നയിച്ച ആരോപണം ശരിവച്ച് നടന് വിഷ്ണു. ചാർമിള അഡ്ജസ്റ്റ്മെന്റിന് തയാറാകുമോ എന്ന് ഹരിഹരൻ തന്നോട് ചോദിച്ചെന്ന് വിഷ്ണു വെളിപ്പെടുത്തി.
പരിണയം സിനിമയുടെ ചർച്ചയ്ക്കിടെയാണ് സംഭവം. സീനിയർ സംവിധായകന് ഇത്തരത്തില്‍ പെരുമാറിയത് കണ്ട് താനും ചാർമിളയും ഞെട്ടി. തന്നോട് അഡ്ജസ്റ്റ്മെന്റ് ചെയ്യാത്തവർ തന്റെ സിനിമയിൽ വേണ്ടെന്ന് ഹരിഹരൻ ഉറപ്പിച്ചു പറഞ്ഞു. അഡ്ജസ്റ്റ്മെന്റിന് തയാറാകാതെ വന്നതോടെ തങ്ങൾക്ക് രണ്ട് പേർക്കും ആ ചിത്രത്തിൽ അവസരം നഷ്ടപ്പെട്ടെന്നും വിഷ്ണു പറഞ്ഞു.
മലയാള സിനിമയിൽ നിന്ന് തനിക്ക് മോശം പെരുമാറ്റം ഉണ്ടായെന്നായിരുന്നു ചാര്‍മിളയുടെ വെളിപ്പെടുത്തൽ. 28 പേർ മോശമായി പെരുമാറി. സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നു ചോദിച്ചു.
തന്റെ സുഹൃത്തായ നടൻ വിഷ്ണുവിനോടാണ് താൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നു ഹരിഹരൻ ചോദിച്ചത്. വഴങ്ങാൻ തയാറല്ലെന്ന് പറഞ്ഞതോടെ പരിണയം എന്ന സിനിമയിൽനിന്ന് ഹരിഹരൻ ഒഴിവാക്കിയെന്നായിരുന്നു ആരോപണം.
പിന്നീട് വിഷ്ണുവിനെയും സിനിമയിൽ നിന്ന് ഒഴിവാക്കി. എന്നാൽ തന്റെ പല സുഹൃത്തുക്കളും പെട്ടുപോയെന്നും ദുരനുഭവമുണ്ടായ ആളുകളുടെ പേരുകൾ പറയുന്നില്ലെന്നും ചാർമിള പറഞ്ഞു.
1997ൽ പുറത്തിറങ്ങിയ അർജുനൻ പിള്ളയും അഞ്ചു മക്കളും എന്ന സിനിമയ്ക്കിടെ പീഡന ശ്രമമുണ്ടായി. പീഡനശ്രമത്തിനിടെ മുറിയിൽനിന്ന് ഇറങ്ങിയോടി രക്ഷപെട്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു.