ഫോൺചോർത്തൽ എന്തിനെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം: വി. മുരളീധരൻ
Monday, September 2, 2024 1:35 AM IST
പാലക്കാട്: കേരളത്തിൽ എഡിജിപിയുടെ നേതൃത്വത്തിൽ നിയമവിരുദ്ധ ഫോൺ ചോർത്തൽ നടക്കുന്നുവെന്ന പി.വി. അൻവർ എംഎൽഎയുടെ വെളിപ്പെടുത്തൽ ഗുരുതരമെന്നു മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ.
ഭരണകക്ഷി എംഎൽഎപോലും ഫോൺ ചോർത്തുന്നു. ഫോൺചോർത്തൽ വ്യക്തിയുടെമേലുള്ള കടന്നുകയറ്റമെന്നു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. പെഗാസസ് ഫോൺ ചോർത്തലെന്ന വ്യാജ ആരോപണവുമായി സുപ്രീംകോടതിയിൽവരെ പോയ സിപിഎം കേരളത്തിൽനടക്കുന്ന കാര്യത്തിൽ നിലപാടുപറയണം.
ഏകാധിപത്യഭരണം അടിച്ചേൽപ്പിക്കാനും പ്രതിപക്ഷനേതാക്കളെ വിരട്ടാനും കേന്ദ്രസർക്കാർ ഫോൺ ചോർത്തുന്നുവെന്നാരോപിച്ച സിപിഎമ്മിനു പിണറായി വിജയന്റെ വിശ്വസ്തനായ എഡിജിപിയുടെ നടപടിയിൽ എന്തുണ്ട് ഉത്തരമെന്നും മുരളീധരൻ ചോദിച്ചു.
രാഹുൽ ഗാന്ധിയുടെ പാർട്ടി വിഷയമേറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിനു നട്ടെല്ലുള്ള മുഖ്യമന്ത്രിയില്ല. കേരള പോലീസ് അധോലോക സംഘമായി മാറി. പി.ശശിക്കെതിരെയടക്കം തുറന്നുപറഞ്ഞ പി.വി. അൻവറിനെ സിപിഎം ഭയപ്പെടുകയാണെന്നും വി. മുരളീധരൻ ആരോപിച്ചു.