ഓണക്കുതിപ്പ് കഴിഞ്ഞു, ഇനി താഴേക്ക്; 55,000 രൂപയിൽ താഴെ
Tuesday, September 17, 2024 11:18 AM IST
കൊച്ചി: സംസ്ഥാനത്ത് ഓണക്കാലത്ത് കുതിച്ചുപാഞ്ഞ സ്വർണം റിവേഴ്സ് ഗിയറിൽ. ഒരു ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ച 55,000 കടന്ന് കുതിച്ച സ്വര്ണവിലയാണ് ഇന്ന് താഴേക്കു പോയത്.
ഇന്ന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 54,920 രൂപയിലും ഗ്രാമിന് 6,865 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,690 രൂപയിലെത്തി.
സെപ്റ്റംബർ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും. തുടര്‍ന്ന് വില പടിപടിയായി ഉയരുന്നതാണ് ദൃശ്യമായത്. ഓണത്തിനു മുമ്പായി ഒറ്റയടിക്ക് ആയിരം രൂപയോളമാണ് വര്‍ധിച്ചത്. 11 ദിവസത്തിനിടെ ഏകദേശം 1,700 രൂപ വര്‍ധിച്ച് 55,000 രൂപ കടന്ന് മുന്നേറിയ സ്വര്ണവിലയാണ് ഇന്ന് താഴ്ന്നത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2,578 ഡോളറാണ് പുതിയ വില. കഴിഞ്ഞ ദിവസം ഇത് 2,580ന് മുകളിലെത്തിയിരുന്നു.
അതേസമയം, വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 96 രൂപയില്‍ തുടരുകയാണ്.